പുതിയകാലത്തിന്റെ വെല്ലുവിളികള്‍ നേരിടാൻ കൂടുതല്‍ മുന്നേറണം - മുഖ്യമന്ത്രി
സര്‍വകലാശാലാ കാമ്പസില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

തേഞ്ഞിപ്പാലം: പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനായി നാം കൂടുതല്‍ മുന്നേറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഫലം കാണുന്നുണ്ട്.
നാക് അംഗീകാര പരിശോധനയില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ മികച്ച നേട്ടം കൈവരിച്ചു. എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്ങിലും സര്‍വകലാശാലകള്‍ നേട്ടമുണ്ടാക്കി. മികച്ച കോളേജുകളുടെ പട്ടികയിലും കേരളത്തിലെ കോളേജുകള്‍ ഇടം നേടി. പക്ഷേ നാം ഇതുകൊണ്ട് മാത്രം തൃപ്തരല്ല. കൂടുതല്‍ മുന്നേറണം. സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കണം. എങ്കിലേ ലോകോത്തര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കാനാകൂ. സൃഷ്ടിക്കുന്ന അറിവുകളെ പൊതുസമൂഹത്തിലേക്ക് പകര്‍ന്നു നല്‍കുക, കാലാനുസൃതമായി അറിവുകളെ നവീകരിക്കുക. അതിനെ സാമൂഹ്യപുരോഗതിക്ക് ഉപയോഗിക്കുന്നതിന് കഴിയുന്ന കേന്ദ്രമായി സര്‍വകലാശാലകള്‍ മാറണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പരീക്ഷാ രജിസ്‌ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു വരെയുള്ള എല്ലാ സേവനങ്ങളും ഡിജിറ്റലായി നല്‍കാനുള്ള സംവിധാനത്തോടു കൂടി സജ്ജമാക്കിയ 'സീം' കേരളത്തിലെ മറ്റു സര്‍വകലാശാലകള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സ്വാഗതം പറഞ്ഞു.