മേമുണ്ടയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം
സീനിയർ വിദ്യാർഥികളായ മൂന്ന് പേർ തടഞ്ഞുവച്ച് മർദിച്ചെന്നാണ് പരാതി

വടകര: സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. മേമുണ്ട അൻസാർ കോളേജിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ചേരാപുരം തോട്ടത്തിൽ മുഹമ്മദ് നിഹാലി (17) നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ പകൽ മൂന്നോടെ കോളേജ് കാന്റീനിലായിരുന്നു സംഭവം.
സീനിയർ വിദ്യാർഥികളായ മൂന്ന് പേർ തടഞ്ഞുവച്ച് മർദിച്ചെന്നാണ് പരാതി. മുഖത്തും ചുണ്ടിനും പരിക്കേറ്റ മുഹമ്മദ് നിഹാൽ ബുധനാഴ്ച ആശുപത്രിയിൽ ചികിത്സതേടി വീട്ടിലേക്ക് പോയെങ്കിലും രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ട് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുക യായിരുന്നു.
ഷൂസ് ധരിക്കാതെയും മുടിവെട്ടിയും കോളേജിൽ വരണമെന്ന് സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം നടന്നതെന്ന് വിദ്യാർഥിയുടെ ബന്ധുക്കൾ പറഞ്ഞു. സ്റ്റീൽ ഗ്ലാസുകൊണ്ടുള്ള ഇടിയിൽ ചുണ്ടിനും തലക്കും പരിക്കേറ്റ വിദ്യാർഥിക്ക് സംസാരിക്കാൻ കഴിയാത്തതിനാൽ പൊലീസിന് മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. വടകര പൊലീസ് അന്വേഷണം തുടങ്ങി.