ശിവപുരം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ പുലർകാലം ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം നിർവഹിച്ചു
ബാലുശ്ശേരി: ശിവപുരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായ “പുലർ കാലം' ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രേമ പി.പി. അധ്യക്ഷത വഹിച്ചു. സാമൂഹിക - സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥിയായ സതീർത്ഥ്യ സി.എസ്., ജെ.ആർ.സി. നടത്തിയ ഹെന്ററി ഡ്യൂനന്റ് സംസ്ഥാനതല ക്വിസ് മത്സരത്തിൽ ഉന്നത വിജയം നേടിയ ശ്രീഹരി എസ്.ആർ. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചവരേയും അനുമോദിച്ചു.
ശിവപുരം ഗവ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ അഷ്റഫ് എ. സ്വാഗതം പറഞ്ഞ പരിപാടിയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടി മുഖ്യ പ്രഭാഷണം നടത്തി. ബി.പി.സി. മധുസൂദനൻ പുലർകാലം പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയിലേക്ക് നയിക്കാനാണ് പുലർകാലം പദ്ധതി ലക്ഷ്യം വെക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ വിദ്യാർത്ഥികൾ തന്നെ അവരുടെ ഓരോ ദിവസത്തെയും പ്ലാൻ ഉണ്ടാക്കുകയും യോഗ, വായന തുടങ്ങിയവയിൽ പരിശീലിക്കുകയും ചെയ്യുന്ന പദ്ധതിയാണ് പുലർകാലം പദ്ധതി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.ടി. ബിനോയ്, ഗ്രാമപഞ്ചായത്ത് മെമ്പർ സുബൈദ തോട്ടത്തിൽ, പി.ടി.എ. പ്രസിഡൻ്റ് ഷാജി ഇ.പി., എസ്.എം.സി. ചെയർമാൻ ഇബ്രാഹിം, എം.പി.ടി.എ. പ്രസിഡൻ്റ് ബീന പി.വി, സ്കൂൾ സംരക്ഷണസമിതി ചെയർമാൻ കെ.കെ.ഡി. രാജൻ, പി.ടി.എ. വൈസ് പ്രസിഡൻ്റ് റിനീഷ് കെ., സ്റ്റാഫ് സെക്രട്ടറി രമേശൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ശിവപുരം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മിസ്ട്രസ് രജനി കെ. ചടങ്ങിന് നന്ദി പറഞ്ഞു.