കുട്ടിപ്പോലീസ് ആകാനുള്ള ആഗ്രഹം സഫലീകരിച്ച് മുഹമ്മദ് ബിലാല്‍
ജന്മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതനായ ബിലാല്‍ സ്കൂളില്‍ നടന്ന എസ്.പി.സി പാസിംഗ് ഔട്ട് പരേഡില്‍ ഏക ദിന സ്പെഷ്യല്‍ കേഡറ്റായി സ്റ്റുഡന്‍റ് പോലീസിന്‍റെ യൂണിഫോം അണിഞ്ഞു.

കണ്ണൂര്‍ : കുട്ടിപ്പോലീസ് ആകാനുള്ള ആഗ്രഹം സഫലീകരിച്ച സന്തോഷത്തിലാണ് മുഹമ്മദ് ബിലാല്‍. ചിറ്റാരിപ്പറമ്പ് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബിലാല്‍ ജന്മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതനാണ്. നിത്യേന സ്കൂളില്‍ എത്താന്‍ കഴിയാത്ത ബിലാലിനെ ഭിന്നശേഷി ദിനാചരണത്തില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഫ്രണ്ട് അറ്റ് ഹോം പരിപാടിയുടെ ഭാഗമായി എസ്.പി.സി കേഡറ്റുകള്‍ വീട്ടിൽ സന്ദര്‍ശിച്ചപ്പോഴാണ് തനിക്കും കുട്ടിപ്പോലീസ് ആകണമെന്ന ആഗ്രഹം മുഹമ്മദ് ബിലാല്‍ ആദ്യമായി അറിയിച്ചത്.
സ്കൂളിലെ എസ്.പി.സി അധ്യാപിക എസ്. സജിനയോടാണ് കുട്ടി തന്‍റെ ആഗ്രഹം പറഞ്ഞത്. എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിന്‍റെ പരിശീലനം നടക്കവെ അവന്‍റെ ആഗ്രഹം കലശലായി. വീണ്ടും ടീച്ചറോട് തന്‍റെ ആവശ്യമറിയിച്ചു. കുഞ്ഞു ബിലാലിന്‍റെ ആഗ്രഹം സഫലമാക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോയെന്ന് സ്കൂളിലെ എസ്.പി.സി അധ്യാപകരായ സജിനയും വി.ബാലകൃഷ്ണനും പോലീസ് ഉദ്യോഗസ്ഥരോട് തിരക്കി. വിവരമറിഞ്ഞ എസ്.പി.സി യുടെ അഡീഷണല്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കെ.മുഹമ്മദ് ഷാഫി കുട്ടിയുടെ ആഗ്രഹം സഫലമാക്കാനുളള നീക്കങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്കൂളില്‍ നടന്ന എസ്.പി.സിയുടെ പാസിങ് ഔട്ട് പരേഡില്‍ ബിലാല്‍ ഏക ദിന സ്പെഷ്യല്‍ കേഡറ്റായി സ്റ്റുഡന്‍റ് പോലീസിന്‍റെ കാക്കി യൂണിഫോം അണിഞ്ഞു.
ചിറ്റാരിപ്പറമ്പ് വട്ടോളി റോഡിലെ ടി.കെ ഹൗസില്‍ അസീസിന്‍റെയും സഫീറയുടെയും മകനാണ് മുഹമ്മദ് ബിലാല്‍. ബി.ആര്‍.സിയില്‍ ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സ്പെഷ്യല്‍ ക്ലാസ് എടുക്കുന്ന കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ആര്‍.പി.വിനോദ് ആണ് ബിലാലിന്‍റെ ആദ്യ പോലീസ് കൂട്ടുകാരന്‍. കുഞ്ഞു ബിലാല്‍ പോലീസ് യൂണിഫോം അണിഞ്ഞ് വേദിയിലിരിക്കുന്നത് കാണാന്‍ പോലീസ് ഉദ്യോഗസ്ഥനായ വിനോദ് യൂണിഫോമിലെത്തിയപ്പോള്‍ ബിലാല്‍ നിര്‍ത്താതെ ചിരിച്ച് തന്‍റെ സന്തോഷം പ്രകടമാക്കി.
ചിറ്റാരിപ്പറമ്പ് സ്കൂളിലെ നാലാമത് എസ്.പി.സി ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡില്‍ സബ് കലക്ടര്‍ സന്ദീപ് കുമാര്‍ സല്യൂട്ട് സ്വീകരിച്ചു. 44 കേഡറ്റുകളാണ് പരേഡില്‍ അണിനിരന്നത്. ഏകദിന സ്പെഷ്യല്‍ കേഡറ്റായ മുഹമ്മദ് ബിലാലിന് അനുമോദന പത്രവും സബ് കലക്ടര്‍ സമ്മാനിച്ചു.