ഇലക്ഷൻ അട്ടിമറി: മൊകേരി കോളജിൽ യു ഡി എസ് എഫ് തെരെഞ്ഞെടുപ്പ് ബഹിഷ്കരിച്ചു
എസ്. എഫ്. ഐ. യുടെ പത്രികകളിൽ അപാകതകൾ തിരുത്താൻ അവസരം നല്കിയതായി ആരോപണം
കക്കട്ടിൽ: തിരഞ്ഞെടുപ്പിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി ഇലക്ഷൻ അട്ടിമറിക്കാൻ ശ്രമിച്ചു വെന്നാരോപിച്ച് മൊകേരി ഗവണ്മെന്റ് കോളേജിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതായി യു. ഡി. എസ്. എഫ്. നേതാക്കൾ അറിയിച്ചു. ഇതിന്റെ ഭാഗമായി നാമനിർദേശപത്രികകൾ പിൻവലിച്ചു.
കോളേജ് ഇലക്ഷൻ സമയത്ത് പുറത്തുനിന്നുള്ളവർ പ്രവശിക്കരുതെന്ന കർശന ഉത്തരവ് നിലനിൽക്കവേ മൊകേരി കോളേജിൽ സൂക്ഷ്മ പരിശോധനവരെ നടത്തുന്നത് പുറത്തു നിന്നും വരുന്നവരുടെ മേൽനോട്ടത്തിലാണെന്നും കോളേജ് അധികൃതർ ഇതിന് മൗനാനുവാദം നൽകുകയാണെന്നും നേതാക്കൾ ആരോപിച്ചു. യൂണിവേഴ്സിറ്റി ചട്ടപ്രകാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12. 30 വരെയാണ് നോമിനേഷൻ സ്വീകരിക്കേണ്ടത്.
എന്നാൽ എസ്. എഫ്. ഐ. യുടെ ചില പത്രികകളിൽ അപാകതകൾ സംഭവിച്ചതിനാൽ അത് തിരുത്തുവാനെന്നവണ്ണം കോളേജ് അധികൃതർ വൈകീട്ട് 4. 30 വരെ സമയം നീട്ടിക്കൊടുത്തതായി നേതാക്കൾ ആരോപിച്ചു. നാമനിർദേശ പത്രികകൾ പിൻവലിച്ച ശേഷം നടന്ന യോഗത്തിൽ യു. ഡി. എസ്. എഫ്. നേതാക്കളായ അഭിനവ്, ഹുദൈഫ്,അമർ ആദർശ്, ഷഹാന ഷെറിൻ, അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.