കുട്ടി പോലീസും ജനമൈത്രി പോലീസും കേരളത്തിന് നൽകിയ കോടിയേരിയെന്ന ആഭ്യന്തര മന്ത്രി
പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട്ട് ആരംഭിച്ച എസ് പി സി പിന്നീട് സംസ്ഥാന വ്യാപകമാക്കി.
കോഴിക്കോട് : ആഭ്യന്തര മന്ത്രിയായിരിക്കെ മികച്ച പ്രവർത്തനം നടത്തിയ ഒരു മന്ത്രിയെ കൂടിയാണ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തോടെ കേരളത്തിന് നഷ്ടമാകുന്നത്. ആഭ്യന്തര മന്ത്രി എന്ന നിലയിൽ പ്രവർത്തിച്ച കാലത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു നീക്കമായിരുന്നു സ്കൂളുകൾ കേന്ദ്രീകരിച്ച് സ്റ്റുഡൻസ് പോലീസ് പ്രോജക്ട് അഥവാ എസ്പിസിയുടെ രൂപീകരണം.
2010ൽ കോഴിക്കോട് നടന്ന സ്കൂൾ കലോത്സവം നിയന്ത്രിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഏതാനും കുട്ടികൾക്ക് മേളയുടെ സമാധാന ചുമതല നൽകിയതിലൂടെയാണ് എസ്പിസി എന്ന ആശയം മുന്നോട്ടു വച്ചത്. കോടിയേരിയുടെ ശക്തമായ പിന്തുണയിൽ പിന്നീട് കേരളത്തിലെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിച്ച എസ് പി സി ഇന്ന് സ്കൂളുകളിലെ ശക്തമായ ഒരു സന്നദ്ധ സേവന വിങ്ങ് കൂടിയാണ്. എസ് പി സിയിലൂടെ ആയിരക്കണക്കിന് കുട്ടികളാണ് ഇതിനകം പരിശീലനം നേടി പുറത്ത് വന്നിരിക്കുന്നത്. കൊടിയേരിയുടെ കാലത്താണ് ജനമൈത്രി പോലീസ് കേരളത്തിൽ ആരംഭിക്കുന്നത്.
സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി(എസ്.പി.സി). 2010 ഓഗസ്റ്റ് 2ന് കേരളത്തിലാകെ 127 സ്കൂളുകളിലായി 11176 ഹൈസ്കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു ഔപചാരിക തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസവകുപ്പിനുമൊപ്പം ഗതാഗത- വനം- എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.
പോലീസ്കൃ ത്യനിർവ്വഹണത്തിൽ സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു പദ്ധതിയായിരുന്നു ജനമൈത്രി പോലീസ് പദ്ധതി. കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഈ പദ്ധതി തുടങ്ങിയത്. എസ് പി സി പോലെ ജനമൈത്രി പോലീസ് സ്പ പദ്ധതിയും പിന്നീട് കേരളം മുഴുക്കെ ശ്രദ്ധയാകർഷിച്ചു.