നാളെ നടത്താനിരുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ മാറ്റിവെച്ചു
പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം ആറിന് നടക്കും

തിരുവനന്തപുരം: ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ട് നാളെ സ്‌കൂളുകളിൽ നടത്താനിരുന്ന പരിപാടികളും മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങും മാറ്റിവെച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുൻ മന്ത്രിയും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തെ തുടർന്നാണ് പരിപാടി മാറ്റിവെച്ചത്. പരിപാടി ഒക്ടോബർ ആറിലേക്കാണ് മാറ്റിയത്.
ലഹരി മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും, വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും, ലഹരി ഉപയോഗത്തിനുമെതിരെയാണ് ഒക്ടോബർ 2 മുതൽ പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവഹിക്കുന്നത്. ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് വഴി പ്രക്ഷേപണം ചെയ്യാനും നിർദ്ദേശമുണ്ടായിരുന്നു.
മുൻ മന്ത്രിയും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ഇന്ന് രാത്രിയോടെയാണ് വിട വാങ്ങിയത്. അർബുദ രോഗ ബാധയെതുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.