ബാലുശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മർദ്ദനം
എട്ടാം ക്ലാസിൽ പഠിച്ചപ്പോഴുള്ള പക സ്കൂൾ വിട്ടപ്പോൾ മറ്റൊരിടത്ത് തീർത്തു
ബാലുശ്ശേരി: എട്ടാം ക്ലാസിൽ പഠിച്ചപ്പോഴുണ്ടായ തർക്കത്തിന്‍റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ പുറത്ത് വച്ച് മർദ്ദിച്ചെന്ന പരാതിയുമായി കൂട്ടമ്പൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികൾ. ഗൃഹപ്രവേശന ചടങ്ങിനെത്തിയപ്പോഴാണ് സംഘം ചേർന്ന് മർദ്ദിച്ചതെന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബാലുശ്ശേരിയിൽ വീര്യമ്പ്രത്തെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനിടയിലാണ് സംഭവം.
ഞായറാഴ്ച വൈകീട്ട് ബാലുശ്ശേരി വീര്യമ്പ്രത്തുള്ള സുഹൃത്തിന്‍റെ വീട്ടിൽ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ കുട്ടികൾ പോയിരുന്നു. അവിടെ വച്ച് സീനിയർ വിദ്യാർത്ഥികൾ മുൻ വൈരാഗ്യത്തിന്‍റെ പേരിൽ സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. പരിക്കേറ്റവർ കുട്ടമ്പൂർ സ്കൂളിൽ നിന്ന് ഇക്കൊല്ലം പത്താം ക്ലാസ് ജയിച്ചവരാണ്. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതിർന്ന വിദ്യാർത്ഥികളുമായി തർക്കമുണ്ടായിരുന്നു വെന്നും ഇതിന്‍റെ വൈരാഗ്യമാണ് വർഷങ്ങൾക്കിപ്പുറം തീർത്തത് എന്നും പരിക്കേറ്റ മിഥിലാജും സിറിൽ ബാബുവും പറയുന്നു. ഇവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. ഇരുവിഭാഗവും പരാതി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കേസ് എടുക്കുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.