കാവുന്തറ എ.യു.പി. സ്കൂളിൽ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ
വാശിയേറിയ മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വൈഗ എസ്.എസ്സിനെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു
നടുവണ്ണൂർ: കാവുന്തറ എ.യു.പി.സ്കൂളിലെ ഈ വർഷത്തെ സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിൻ്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദ്ദേശ പത്രിക സമർപ്പണം, സൂക്ഷ്മ പരിശോധന, പത്രിക പിൻവലിക്കൽ, ചിഹ്നം അനുവദിക്കൽ, പരസ്യപ്രചരണം, നിശബ്ദ പ്രചരണം വോട്ടെടുപ്പ്, വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം, നിരീക്ഷണ സംവിധാനം, ക്രമസമാധാന പാലനം എന്നിവ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നടന്നു.
ഒമ്പത് സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. അലോപ എസ്, ഇസ ഇസ്മിൻ, ഫൈഹസനീൻ, മുഹമ്മദ് ലബീബ്, മുഹമ്മദ് സനാൻ, വൈഗ എസ്. എസ്, ഷിസ ടി, സോനു എസ്. ഷൈജു, റിജുൽരാജ് കെ. എം. എന്നിവർ യഥാക്രമം മരം, തൊപ്പി, കാർ, പെൻ, ടെലിവിഷൻ, മൊബൈൽ ഫോൺ, കുട, താക്കോൽ. വോളി ബോൾ എന്നീ ചിഹ്നങ്ങളിൽ മത്സരിച്ചു.
പ്രിസൈഡിംങ്ങ് ഓഫീസർ, പോളിംങ്ങ് ഉദ്യോഗസ്ഥർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും ക്രമസമാധാനത്തിൻ്റെ ചുമതലകൾ സ്കൗട്ട് ആൻറ് ഗൈഡുകൾക്കുമായിരുന്നു. വാശിയേറിയ മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വൈഗ എസ്.എസ്.സ്കൂൾ ലീഡറായും ഷിസ ടി. ഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആകാംക്ഷയും പ്രതീക്ഷകളും സ്ഥാനാർത്ഥികളിൽ പ്രകടമായിരുന്നു. ഫല പ്രഖ്യാപനം വന്നതോടുകൂടി ജയിച്ച സ്ഥാനാർത്ഥികൾക്ക് അഭിവാദ്യമർപ്പിച്ച് സ്കൂൾ വളപ്പിൽ പ്രകടനവും നടന്നു. സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സ്കൂൾ അസംബ്ലിയിൽ നടക്കും.
സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അധ്യാപകരായ രോഹിത്ത് പി.ആർ, വിഷ്ണു സത്യനാഥ്, ഷാജു സി, രാഹുൽ കോതേരി, ഘനശ്യാം വി. എന്നിവർ നേതൃത്വം നൽകി.