എസ് എസ് പരീക്ഷയില്‍ മുസ്തഫ മാസ്റ്ററുടെ ചോദ്യ മാതൃക വൈറലായി;കുട്ടികള്‍ക്ക് അതിരറ്റ ആഹ്ലാദം
ഏകദേശം ആറ് രാത്രിയും പകലുമിരുന്നാണ് ചോദ്യ മാതൃകയുണ്ടാക്കിയത്
നടുവണ്ണൂര്‍. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ മുസ്തഫ പാലോളി ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് തന്റെ കുട്ടികളെ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കാന്‍ തയ്യാറാക്കിയ ചോദ്യ മാതൃക ക്ലാസ് മുറിയും കടന്ന് കേരളം മുഴുവന്‍ പടര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിരറ്റ ആഹ്ളാദം. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലിട്ട ചോദ്യ മാതൃക പിന്നീട് ആരോ പുറത്തേക്ക് ഷെയര്‍ ചെയ്യുകയായിരുന്നു. ഒപ്പം തന്നെ എപ്ലസ് എഡ്യുകെയര്‍ എന്ന വിദ്യാഭ്യാസ ബ്ലോഗിലും ഇതെത്തി. തുടര്‍ന്നുള്ള ഷെയറിങ്ങില്‍ ദേശവും ജില്ലയുമൊക്കെ കടന്ന് സംസ്ഥാനം മുഴുവന്‍ മാഷുടെ പിഡിഎഫ് പ്രചരിച്ചു.
പൊതുവേ എപ്ലസ് കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന സാമൂഹ്യ ശാസ്ത്ര പരീക്ഷ ഇത്തവണ മാഷുടെ സഹായി ഉപയോഗിച്ച വര്‍ക്കെല്ലാം നല്ല എളുപ്പമാക്കി. മാഷുടെ ചോദ്യമാതൃകയുടെ ഫലം പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ വന്നു.ആദ്യം വിളി വന്നത് കാസര്‍ഗോട്ടെ വിദ്യാലയത്തില്‍ നിന്ന് പരീക്ഷയെഴുതിയ കുട്ടിയുടേതായിരുന്നു. പിന്നീട് ഫോണ്‍ വെക്കാന്‍ സമയമില്ലാത്ത വിധം തിരുവനന്തപുരം വരേയുള്ള എല്ലാ ജില്ലകളില്‍ നിന്നും കുട്ടികളും അധ്യാപകരും രക്ഷിതാക്കളു മൊക്കെ മാഷെ വിളിച്ച് അഭിനന്ദിക്കുകയായി.
സാമൂഹ്യപാഠം ആസ്വദിച്ച് പഠിപ്പിക്കുന്ന മുസ്തഫ മാസ്റ്റര്‍ മുമ്പും കുട്ടികള്‍ക്കായി വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ടിപ്പുകള്‍ ഉണ്ടാക്കി നല്‍കാറുണ്ട്. ഇത്തവണ ഫോക്കസ് നോണ്‍ ഫോക്കസ് ഏരിയ തിരിച്ച് ചോദ്യം വരുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ് വന്നപ്പോള്‍ പലരെ പ്പോലെ മാഷും അങ്കലാപ്പിലായിരുന്നു. നോണ്‍ ഫോക്കസില്‍ ചോദ്യങ്ങള്‍ എവിടം വരേയാകാമെന്ന ആശങ്കയില്‍ ഇത്തവണ ചെയ്യുന്നത് ഗുണത്തെക്കാള്‍ ദോഷം വരുമോയെന്ന ചിന്തയായി. അപ്പോഴാണ് സ്കൂളില്‍ തന്റെ സഹപ്രവര്‍ത്തകയായ രാജലക്ഷ്മി ടീച്ചര്‍ പ്രചോദനമായി മാഷെ പ്രോത്സാഹിപ്പിച്ചത്. പിന്നെ രണ്ടും കല്പിച്ചങ്ങിരുന്നു. ഏകദേശം ആറ് രാത്രിയും ആറ് പകലുമാണ് ഇതിനായി ഉപയോഗിച്ചത്. ഏതായാലും അത്യധ്യാനത്തിന് ഫലമുണ്ടായി.
നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്ന് മാഷ് പ്രവചിച്ച ചോദ്യങ്ങള്‍ക്ക് പോലും വലിയ മാറ്റമുണ്ടായില്ല. മുസ്തഫ മാഷുടെ കുട്ടികള്‍ മാത്രമല്ല ഈ ചോദ്യ മാതൃക ഉപയോഗിച്ച പതിനാരക്കണക്കിന് കുട്ടികള്‍ക്കും ഗുണം കിട്ടി. മുസ്തഫ മാഷ് തയ്യാറാക്കിയ ചോദ്യ മാതൃകയില്‍ നിന്നാണ് ഇത്തവണ എണ്‍പത് ശതമാനം ചോദ്യങ്ങളും ചോദിച്ചത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം മാത്രം പഠിച്ചവര്‍ക്ക് പോലും എപ്ലസ് ഉറപ്പെന്ന് കുട്ടികളും അധ്യാപകരും ഒരു പോലെ പറയുന്നു.
കേരളത്തിലെ സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്കിടയില്‍ മുസ്തഫ മാസ്റ്റര്‍ ഇപ്പോള്‍ താരമാണ്. തിരുവനന്തപുരത്ത് നിന്ന് അടുത്ത ആഴ്ച കോഴിക്കോട്ട് എത്തുന്ന ഒരു അധ്യാപകന്‍ മാഷെ നേരിട്ട് കാണാന്‍ വരാമെന്ന് പറഞ്ഞിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സാമൂഹ്യ ശാസ്ത്ര അധ്യാപകനായി സേവനം ചെയ്യുന്ന മുസ്തഫ മാസ്റ്റര്‍ ഇത്തവണത്തെ , വിജയോത്സവം കൺവീനർ കൂടിയാണ്.കോട്ടൂര്‍ പഞ്ചായത്തിലെ പാലോളി സ്വദേശിയായ ഇദ്ദേഹത്തിന് അധ്യാപികയായ ഭാര്യയും മൂന്ന് കുട്ടികളുമാണ്.മുസ്തഫ മാഷുടെ ഫോണ്‍ നമ്പർ: 9847481337.