ജിയുപിഎസ് കക്കഞ്ചേരിയിൽ 'ഉണർവ്' പഠനോത്സവം
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ചന്ദ്രിക പൂമഠത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു
ഉള്ളിയേരി: ജിയുപിഎസ് കക്കഞ്ചേരിയിൽ 'ഉണർവ്' പഠനോത്സവം നടന്നു. കുട്ടികളിൽ പഠന ഔത്സുക്യം ഉയർത്താൻ പാഠഭാഗങ്ങളിലെ രസകരമായ അനുഭവങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള പഠനോത്സവം ആവേശമായി.
നാടൻ പാട്ടും പരീക്ഷണങ്ങളും ഗണിത സമസ്യകളും കളികളും കോർത്തിണക്കി ആദ്യ ദിനത്തിൽ നാലാംതരക്കാർക്കായി നടന്ന പഠനോത്സവത്തിന് ബിനീഷ് മണിയൂർ, സോമൻ മാസ്റ്റർ, ഹരിപ്രസാദ് മാസ്റ്റർ, സുധിന ടീച്ചർ എന്നിവർ നേതൃത്വം നല്കി. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ചന്ദ്രിക പൂമഠത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
രണ്ടാം ദിനം ജ്യാമിതീയ പാറ്റേൺ നിർമാണ പരിശീലനവും അതിലടങ്ങിയ ഗണിത വിശകലനവുമായി സഹദേവൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. പാറ്റേൺ വരയ്ക്കുന്നതിലെ ഗണിതം നമുക്കേകുന്ന സാധ്യതകൾ താൻ വരച്ച നൂറുകണക്കിന് സുന്ദര ചിത്രങ്ങൾ പ്രദർശിപ്പിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും മുമ്പിൽ അദ്ദേഹം സരസമായി വിശദീകരിച്ചു. പഠനോത്സവത്തിൽ പങ്കെടുത്ത 5,6,7 ക്ലാസ്സുകളിലെ കുട്ടികളെല്ലാം പാറ്റേൺ പൂർത്തിയാക്കി.
സമാപന സംഗമത്തിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എം. ബാലരാമൻ മാസ്റ്റർ പഠനോത്സവ സന്ദേശം നല്കി. ചന്ദ്രിക പൂമoത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സുജാത നമ്പൂതിരി, സി. എം. സന്തോഷ്, വിനോദൻ എം. എം, രാജേഷ് പി. കെ. എന്നിവർ സംസാരിച്ചു. സ്കൂളിൽ നടന്ന അക്ഷരക്കൂട്ട്, ദേശീയ ശാസ്ത്രദിനാചരണം, വനിതാദിനാചരണം പരിപാടികളിലെ മികച്ച പ്രകടനക്കാർക്ക് സമ്മാനങ്ങൾ നല്കി. സി. എം. ശശി മാസ്റ്റർ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.