കോക്കല്ലൂർ സ്കൂളിൽ ഔട്ട് ഓഫ് സിലബസ് ഇന്റർനാഷനൽ ഇംഗ്ലീഷ് കൂട്ടായ്മ
ഇംഗ്ലിഷ് അധ്യാപകൻ എൻ. കെ. ബാലനാണ് പദ്ധതി സ്കൂളിൽ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്

ബാലുശ്ശേരി: കോക്കല്ലൂർ സ്കൂളിൽ ഔട്ട് ഓഫ് സിലബസ് ഇന്റർനാഷനൽ ഇംഗ്ലീഷ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പാഠപുസ്തക പഠനത്തിലൂടെ ഇംഗ്ലീഷ് ഭാഷ സ്വതന്ത്രമായി പ്രായോഗിക ജീവിതത്തിൽ ഉപയോഗിക്കാൻ ബിരുദ ബിരുദാനന്തര ബിരുദധാരികൾക്കു പോലും കഴിയുന്നില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ തലത്തിൽ തന്നെ ഇതിന് പ്രായോഗിക പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മയാണ് ഔട്ട് ഓഫ് സിലബസ്.
കൊറോണ ഭീഷണിക്ക് മുമ്പ് ജർമ്മനി, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ സ്കൂളിലെത്തിച്ച് കുട്ടികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവസരങ്ങൾ ഈ കൂട്ടായ്മ ഒരുക്കിയിരുന്നു. ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളായി വെബിനാറുകളിലൂടെയും ഗൂഗിൽ മീറ്റ് വഴിയും കുട്ടികൾക്ക് വിദേശികളുമായി സംസാരിക്കാൻ അവസരമൊരുക്കുന്നുണ്ട്. ഈ വർഷം എല്ലാ ഞായറാഴ്ചകളിലും ഒരു മണിക്കൂർ നേരം സംസ്ഥാനത്തിന്റെ പുറത്തു നിന്നുളളവരോ വിദേശികളോ ആയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവരുമായി കുട്ടികൾക്ക് നേരിട്ട് ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനുളള അവസരമൊരുക്കിയിരുന്നു ഔട്ട് സിലബസ്. ഒരു വർഷം നീണ്ടു നിൽക്കുന്ന 'വിത്ത് ദ ഗസ്റ്റ്' (അതിഥിയ്ക്കൊപ്പം) എന്ന പരിപാടി എംഎൽഎ കെ. എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. മുൻ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയക്ടർ ഇ.കെ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
അലൻവെയർ - കാനഡ, റിറ്റ ബീക് ജർമ്മനി, കോളിൻ തപാലിയ - ഗ്ലാസ് ഗൺ യൂനിവേഴ്സിറ്റി - അമേരിക്ക, ബെൻസൻ ബനായോഗു യോ - സൗത്ത് ആഫ്രിക്ക ഐഗറിൻ - കസാക്കിസ്ഥാൻ, ഡോ: മോണിക്ക ജയിൻ- രാജസ്ഥാൻ, രചന ബബേൽ - ഇൻഡോർ, ഡോ: ജയശാന്തി - തമിഴ്നാട്, ഡോ: കാമായനി ജോഷി - ന്യൂഡൽഹി, ഡോ: വന്ദന രാജസ്ഥാൻ, ഡോ: സൂസൻ ഡിബോറ - ഗോ എന്നിവരാണ് ഈ വർഷം ഔട്ട് ഓഫ് സിലബസിൽ അതിഥികളായി എത്തിയത്.
ഇംഗ്ലീഷ് ഭാഷ പ്രായോഗിക സാഹചര്യത്തിൽ നിന്ന് സ്വായത്തമാക്കാൻ മാതൃഭാഷയിലൂടെ ഇംഗ്ലീഷ് പാഠപുസ്തകങ്ങൾ പഠിപ്പിച്ചു തീർക്കുന്നു. ' എളുപ്പമാർഗ്ഗം ക്രിയ ചെയ്യുന്ന' രീതി അശാസ്ത്രീയമാണെന്ന് വാദിക്കുന്ന ഇംഗ്ലിഷ് അധ്യാപകൻ എൻ. കെ. ബാലനാണ് ഔട്ട് ഓഫ് സിലബസ് പദ്ധതി സ്കൂളിൽ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്. സ്കൂളന്തരീക്ഷത്തിൽ ഭാഷ കേട്ട് പഠിക്കാൻ സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം കഴിഞ്ഞ പതിനാറ് വർഷമായി കുട്ടികളോടും സഹപ്രവർത്തകരോടും ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാറുള്ളൂ.