നൊച്ചാട്ട് 2500 വർഷം പഴക്കമുള്ള ഗുഹ കണ്ടെത്തി
വീടിനോട് ചേർന്ന് ശുചിമുറി നിർമ്മിക്കുന്നതിനിടയിലാണ് ഗുഹ കണ്ടെത്തിയത്
പേരാമ്പ്ര : നൊച്ചാട് പഞ്ചായത്തിലെ ചേനോളിയിൽ രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കം കണക്കാക്കുന്ന ഗുഹ കണ്ടെത്തി. കളോളിപ്പൊയിൽ ഒറ്റപ്പുരക്കൽ സുരേന്ദ്രൻ്റെ വീട്ടുപറമ്പിലാണ് ഗുഹ കണ്ടെത്തിയത്. വീടിനോട് ചേർന്ന് ശുചിമുറി നിർമ്മിക്കുന്നതിനിടയിലാണ് ഗുഹ കണ്ടെത്തിയത്. നിർമ്മാണത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തോളമായി പണിക്കാർ മണ്ണെടുക്കുന്നുണ്ടായിരുന്നു. ഏകദേശം ഒന്നേകാൽ മീറ്റർ ആഴത്തിലെത്തിയപ്പോൾ ഒരു കരിങ്കൽ പാളി കണ്ടെന്നും ഈ പാളി നീക്കിയപ്പോഴാണ് വലിയ ചെങ്കല്ലറ കണ്ടെതെന്നും വീട്ടുടമ പറഞ്ഞു.
ഗുഹയുടെ മുൻഭാഗത്തായി മൺ കലങ്ങളും ഉണ്ടായിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതരെ ബന്ധപ്പെടുകയും പുരാവസ്തു വിഭാഗത്തെ വിവരം അറിയിക്കുകയും ചെയ്തു. കോഴിക്കോട് നിന്നുള്ള പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഗുഹയ്ക്ക് 2500 വർഷത്തെ പഴക്കമുണ്ടെന്ന് ഉദ്യോ ഗസ്ഥർ പറഞ്ഞു. ഗുഹയ്ക്കുള്ളിലേക്ക് കൂടുതലായി ഇറങ്ങി പരിശോധിക്കണം. കൂടുതൽ പുരാവസ്തുക്കൾ ഇതിനുള്ളിലുണ്ടോ എന്ന് കണ്ടെത്തണം ഇതിനായി സർക്കാരിൻ്റെ അനുമതി തേടിയിട്ടുണ്ട്.