ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്നലെ മാത്രം ദർശനം നടത്തിയത് 71248 തീർത്ഥാടകർ
ഇന്ന് പുലർച്ചെ അഞ്ചു മണി വരെ ദർശനം നടത്തിയവരുടെ എണ്ണം 17974 ആണ്
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ മാത്രം 71248 പേരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങ്ങിലുടെ 13281 പേർ ദർശനം നടത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിയ്ക്ക് നട തുറന്ന് ആദ്യ മണിക്കൂറിൽ 13370 പേരാണ് ദർശനം നടത്തിയത്. പുലർച്ചെ അഞ്ചു മണി വരെ ദർശനം നടത്തിയവരുടെ എണ്ണം 17974 ആണ്.
അയ്യപ്പസ്വാമിയുടെ സ്വർണ ലോക്കറ്റ് വിപണിയിലെത്തിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ലോക്കറ്റുകളുടെ നിർമാണം, വിതരണം തുടങ്ങിയവയുടെ ഉത്തരവാദിത്വം ഇന്ന് തീരുമാനിക്കും. ഇന്നു ചേരുന്ന ബോർഡ് യോഗത്തിലായിരിക്കും തീരുമാനം.
അതേ സമയം, ശബരിമലയിലെ ടോയ്ലെറ്റ് മാലിന്യങ്ങൾ സംസ്കരിക്കാൻ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റുകൾ ആരംഭിച്ചു. പ്ലാന്റുകളുടെ ഫ്ലാഗ് ഓഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ കൂടി ഡിസംബർ 15ന് ശബരിമലയിൽ എത്തിക്കും.