റവന്യൂ ജില്ല സ്കൂൾ കലോത്സവം നാളെ മുതൽ; ഒപ്പന 21 തീയതിയിലേക്ക് മാറ്റി
അഞ്ചു ദിവസങ്ങളിലായി ഇരുപതോളം വേദികളിലാണ് മത്സരങ്ങൾ നടക്കുക
കോഴിക്കോട് : സാഹിത്യ നഗരിയിലെ കലോത്സവം എന്ന പേരിൽ കോഴിക്കോട് റവന്യൂജില്ലാ സ്കൂൾ കലോത്സവം നാളെ ആരംഭിക്കുന്നു. നാളെ മുതൽ 23 വരെ അഞ്ചു ദിവസങ്ങളിലായി ഇരുപതോളം വേദികളിലാണ് മത്സരങ്ങൾ നടക്കുക. കലോത്സവത്തിലെ ഗ്ലാമർ ഇനമായ ഒപ്പന മത്സരത്തിൽ നേരത്തെ നിശ്ചയിച്ച തീയതിയിലും സമയത്തിലും വ്യത്യാസം വരുത്തി. വേദി 20 ൽ നവംബർ 20ന് നടക്കേണ്ട ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരം നവംബർ 21ന് വേദി 1 ഹൈസ്കൂൾ സംഘത്തിന് ശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് ഹൈസ്കൂൾ വിഭാഗവും നാലുമണിക്ക് ഹയർ സെക്കൻഡറി വിഭാഗവുമായി നടക്കുന്ന വിധം മാറ്റി. മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് ഒന്നാം നമ്പർ വേദി ' രചന മത്സരങ്ങൾ നാളെ നടക്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 22 റൂമുകളിലായി നടക്കും.
നഗരത്തിലെ വിവിധ സ്കൂളുകളും ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ച് തയ്യാറാക്കിയ വേദികൾക്ക് കോഴിക്കോടുമായി ബന്ധപ്പെട്ട സാമൂഹ്യ സാഹിത്യ സാംസ്കാരിക വൈജ്ഞാനിക രംഗങ്ങളിലെ പ്രഗൽഭരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. പ്രധാന വേദിയായ വൈക്കം മുഹമ്മദ് ബഷീർ വേദി ഒരുക്കിയിരിക്കുന്നത് മലബാർ ക്രിസ്ത്യൻ കോളേജിലാണ്. ഇരുപതാം തീയതി രാവിലെ ഇവിടെയാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. തുടർന്ന് ഹൈസ്കൂൾ ഹയർ സെക്കൻഡറി തിരുവാതിരക്കളി ഈ വേദിയിൽ അരങ്ങേറും. സാമൂതിരി ഹൈസ്കൂൾ ഗ്രൗണ്ടിലെ എ ശാന്തകുമാർ വേദിയിലാണ് നാടകങ്ങൾ അരങ്ങേറുന്നത്. ഇരുപതാം തീയതി രാവിലെ യുപി വിഭാഗം നാടക മത്സരമാണ് ' 21ന് ഹൈസ്കൂൾ വിഭാഗവും 22ന് ഹയർ സെക്കൻഡറി വിഭാഗവും നാടക വിഭാഗത്തിൽ ഈ വേദിയിൽ മത്സരിക്കും.
അവസാന ദിനമായ 23ന് ഹൈസ്കൂൾ വിഭാഗത്തിന്റെ സംസ്കൃതം നാടകമത്സരം ആണ് ഇവിടെ നടക്കുക.അച്യുതൻ ഗേൾസ് സ്കൂളിൽ ക്ലാസിക്കൽ നൃത്ത ഇനങ്ങൾ അരങ്ങേറും. ഇരുപത്തി രണ്ടാം തീയതി വെള്ളിയാഴ്ച ബി ഇ എം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹയർസെക്കൻഡറി വിഭാഗത്തിന്റെ സംഘനൃത്തം നടക്കും. ഇതേ വേദിയിൽ 23 തീയതി രാവിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെയും വൈകീട്ട് ഹൈസ്കൂൾ വിഭാഗത്തിന്റെയും നാടൻപാട്ട് മത്സരമാണ്. മാപ്പിള കലകൾ പ്രധാനമായും പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വേദികളിലാണ് നടക്കുക ഇവിടെ 20ന് വട്ടപ്പാട്ട്, യുപി ഒപ്പന , ഹയർസെക്കൻഡറി വട്ടപ്പാട്ട്, എന്നിവ നടക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കോൽക്കളി മത്സരം 21ന് ഇതേ വേദിയിൽ നടക്കും. ഇരുപത്തി രണ്ടിനാണ് നാടോടി നൃത്തം അരങ്ങേറുക. പ്രൊവിഡൻസ് എച്ച്എസ്എസ് എട്ടാം നമ്പർ വേദിയിലാണ് നാടോടി നൃത്തം' ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കൂടിയാട്ടം തുടങ്ങിയ ക്ഷേത്ര കലകൾ 23 തീയതി ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ വേദിയിലാണ് നടക്കുക. 21ന് സെൻറ് മൈക്കിൾസ് എച്ച്എസ്എസ് വെസ്റ്റ്ഹിൽ ഗ്രൗണ്ടിൽ ഭരതനാട്യം മത്സരങ്ങൾ അരങ്ങേറും.