വഖഫ് ഭേദഗതി ബില്ല് കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചന: അഡ്വ. എം. മുഹമ്മദ് ഷാഫി
ചേമഞ്ചേരി പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ കൺവെൻഷൻ അഡ്വ. എം. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു
കാപ്പാട്: വഖഫ് നിയമ ഭേദഗതി ബില്ലു കൊണ്ട് വന്നത് വഖഫ് നിയമം ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയാണെന്നും കരുതിയിരിക്കണമെന്നും ഹൈക്കോടതി അഭിഭാഷകൻ എം. മുഹമ്മദ് ഷാഫി പറഞ്ഞു. ചേമഞ്ചേരി പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾക്കായി പതിറ്റാണ്ടുകൾക്ക് മുമ്പ് സമുദായ സഹോദരങ്ങൾ ദാനം നൽകിയതും കമ്മിറ്റികൾ സ്വന്തമായി ആർജ്ജിച്ചെടുത്തതുമായ വസ്തുവഹകളും സ്ഥാപനങ്ങളും പരിപാലിച്ചു വരുന്ന കേന്ദ്ര വഖഫ് നിയമം പുതിയ ഭേദഗതി ബില്ല് വരുന്നത്തോടെ പുറത്തുള്ളവർക്ക് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ഇസ്‌ലാമിക നിയമങ്ങൾ അനുസരിച്ചു പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളിൽ മറ്റു ആളുകളെ തിരുകി കയറ്റാനുള്ള ഹിഡൻ അജണ്ട നടപ്പാക്കിയാൽ സമുദായിക സംഘർഷം നടക്കാനും സാധ്യതയുണ്ട്. ഭരണഘടന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ചു നൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ്. ഇതിനെതിരെ മഹല്ലുകളിൽ നടത്തിയ ജനകീയ ഒപ്പ് ശേഖരണം യോഗത്തിൽ എല്പിച്ചു.
കോ-ഓഡിനേഷൻ ചെയർമാൻ എ.പി.പി. തങ്ങൾ അദ്ധ്യക്ഷനായി. എസ്.കെ. അബുബക്കർ ബാഖവി, ഉമ്മർ നടമ്മൽ, കെ.കെ. മുഹമ്മദ്, പി.കെ. ഇമ്പിച്ചി അഹമ്മദ്, ടി.ടി. മൊയ്‌തീൻ കോയ, വി.വി. ഷമീർ തുടങ്ങിയവർ സംബന്ധിച്ചു. കൺവീനർ എം.പി. മൊയ്‌തീൻ കോയ സ്വാഗതവും സാദിഖ് അവീർ നന്ദിയും പറഞ്ഞു.