ഭൂതകാലത്തിൻമേൽ വർത്തമാനകാലത്തെ അടിച്ചേൽപ്പിക്കാനുളള പ്രവണതയാകരുത് ചരിത്രം; ഡോ. എം പി അബ്ദുസ്സമദ് സമദാനി എം.പി
ഷാഹുൽ ഹമീദ് നടുവണ്ണൂർ രചിച്ച 'നടുവണ്ണൂർ ദേശവഴികൾ' ചരിത്ര പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടുവണ്ണൂർ: ഷാഹുൽ ഹമീദ് നടുവണ്ണൂർ രചിച്ച ചരിത്ര പുസ്തകമായ 'നടുവണ്ണൂർ ദേശവഴികൾ' പ്രകാശനം ചെയ്തു. ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. നടുവണ്ണൂർ വേദിക ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് ബാലചന്ദ്രൻ പാറച്ചോട്ടിൽ പുസ്തകം ഏറ്റുവാങ്ങി. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ചരിത്രത്തെ ചരിത്രമായി സമീപിക്കണമെന്നും ഭൂതകാലത്തിൻമേൽ വർത്തമാനകാലത്തെ അടിച്ചേൽപ്പിക്കാനുളള പ്രവണതയാകരുത് ചരിത്രമെന്നും സമദാനി പറഞ്ഞു. ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള നിരന്തര സംവാദമാണ് ചരിത്രമെന്നത് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് ചൂണ്ടിക്കാട്ടി. നടുവണ്ണൂരിൻ്റെ അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം ചരിത്രാന്വേഷികൾക്ക് മുതൽക്കൂട്ടാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പ്രത്യാശിച്ചു.
പൊതു പ്രവർത്തകൻ ഒ.എം. കൃഷ്ണകുമാർ പുസ്തകം പരിചയപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി എം ശശി, മണിശങ്കർ, പ്രൊഫ: ടി പി കുഞ്ഞിക്കണ്ണൻ, ഡോ: ആബിദ പുതുശ്ശേരി, സാജിദ് കോറോത്ത്, എം.കെ. ജലീൽ, സജീവൻ മക്കാട്ട് , സാബി തെക്കേപുറം, എന്നിവർ സംസാരിച്ചു. അഷ്റഫ് പുതിയപ്പുറം സ്വാഗതം പറഞ്ഞ ചടങ്ങിന് ബാലകൃഷ്ണൻ വിഷ്ണോത്ത് നന്ദി അർപ്പിച്ച് സംസാരിച്ചു.