റമളാൻ പ്രഭാഷണവും ദിക്ർ ദുആ സംഗമവും മാർച്ച് 24 മുതൽ
വെള്ളിയൂർ ഹിമായ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
![റമളാൻ പ്രഭാഷണവും ദിക്ർ ദുആ സംഗമവും മാർച്ച് 24 മുതൽ റമളാൻ പ്രഭാഷണവും ദിക്ർ ദുആ സംഗമവും മാർച്ച് 24 മുതൽ](imglocation/upload/images/2024/Mar/2024-03-22/1711120656.webp)
പേരാമ്പ്ര: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക ഘടകമായ മദ്രസാദ്ധ്യാപക കൂട്ടായ്മ പേരാമ്പ്ര റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും, മദ്റസ മാനേജ്മെന്റ് അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിക്കുന്ന റമളാൻ പ്രഭാഷണവും ദിക്ർ ദുആ സംഗമവും 2024 മാർച്ച് 24 ഞായറാഴ്‌ച മുതൽ മാർച്ച് 27 ബുധനാഴ്ച വരെ, രാവിലെ 9:30 മുതൽ ഉച്ചക്ക് 12:30 വരെ വെള്ളിയൂർ ഹിമായ ഓഡിറ്റോറിയത്തിൽ (ശംസുൽ ഉലമാ നഗർ) നടക്കും.
പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ മാർച്ച് 24-ാം തിയ്യതി ഞായറാഴ്‌ച മഹത്തായ വേദിയുടെ ഉദ്ഘാടനം നിർവഹിക്കുന്നതോടെ അനുഗ്രഹീത പ്രഭാഷകൻ മഅ്‌മൂൻ ഹുദവി മുഖ്യപ്രഭാഷണം നിർവഹിക്കും. രണ്ടാം സുദിനമായ മാർച്ച് 25-ാം തിയ്യതി തിങ്കളാഴ്‌ച കേരളത്തിലെ പ്രശസ്ത പ്രഭാഷകൻ സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മതപ്രഭാഷണം നിർവ്വഹിക്കും. സയ്യിദ് അലി തങ്ങൾ പാലേരി ഉദ്ഘാടനം ചെയ്യും.
മൂന്നാം സുദിനത്തിൽ മാർച്ച് 26-ാം തിയ്യതി ചൊവ്വാഴ്‌ച ഉജ്ജ്വല വാഗ്മി അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ പ്രഭാഷണം നടത്തും. ടി.വി.സി. അബ്ദുസമദ് ഫൈസി ഉദ്ഘാടനം ചെയ്യും. നാലാം സുദിനമായ മാർച്ച് 27-ാം തിയ്യതി ബുധനാഴ്‌ച ഒട്ടനവധി പണ്ഡിതന്മാരും സാദാത്തീങ്ങളും പങ്കെടുക്കുന്ന ദിക്‌റ് ദുആ മജ്ലിസിന് ആദരണീയനായ ആദ്‌മീയാചാര്യൻ ചെറുമോത്ത് ഉസ്‌താദ് നേതൃത്വം നൽകും. ഡോ. കെ.എം. നസീർ ഉദ്ഘാടനം നിർവ്വഹിക്കും.
ചെയർമാൻ മൂസഹാജി ചെരിപ്പേരി, കൺവീനർ സിദ്ധീഖ് മാഹിരി, എൻ.കെ. മജീദ്, പി. ഇമ്പിച്ചി മമ്മു വെള്ളിയൂർ, സി. മൊയ്തു മൗലവി, ഇ.കെ. മുബശ്ശിർ വാഫി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.