പുസ്തക പ്രകാശനം സാംസ്കാരികോത്സവമായി മാറ്റാനൊരുങ്ങി കന്നൂർ
ശാസ്ത്രപ്രചാരകനും സാമൂഹ്യ പ്രവർത്തകനുമായ പ്രസാദ് കൈതക്കലിന്റെ 'പൊരിവെയിലിലും പെരുമഴയിലും' എന്ന പുസ്തക പ്രകാശനമാണ് നാട് ആഘോഷമാക്കുന്നത്.
കന്നൂർ: ഏതെങ്കിലുമൊരു ഓഡിറ്റോറിയത്തിലെ കുറച്ചുപേർ മാത്രമടങ്ങുന്ന സദസ്സിൽ നടക്കുന്ന കേവലമൊരു ചടങ്ങ് മാത്രമാണല്ലോ പുസ്തക പ്രകാശനം. എന്നാൽ ഒരു പുസ്തകത്തിന്റെ പ്രകാശനം നാടിന്റെ സാംസ്കാരികോത്സവമായി മാറുന്ന അപൂർവ്വ സുന്ദരമായ കാഴ്ചയ്ക്കാണ് ഉള്ളിയേരിക്കടുത്ത കന്നൂര് ദേശം സാക്ഷിയാകാൻ പോകുന്നത് . ആഴ്ചകൾക്കു മുമ്പേ ആ നാട് അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ശാസ്ത്രപ്രചാരകനും സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ പ്രസാദ് കൈതക്കൽ രചന നിർവഹിച്ച 'പൊരിവെയിലിലും പെരുമഴയിലും' എന്ന പുസ്തകത്തിന്റെ പ്രകാശത്തിനായാണ് കന്നൂരിലെ നാട്ടുകാർ കക്ഷിരാഷ്ട്രീയ ഭേദം മറന്ന് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുന്നത് 2024 ജനുവരി 13നാണ് പുസ്തകപ്രകാശനം നടക്കുന്നത്.
പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ് ആണ് പുസ്തക പ്രകാശനം നടത്തുന്നത്. ഡോ. എംജി മല്ലിക പുസ്തകം പരിചയപ്പെടുത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.അജിത, പ്രൊഫ.കെ പാപ്പുട്ടി, വിജയകുമാർ ബ്ലാത്തൂർ, പി എം ദീപ, കാവിൽ.പി.മാധവൻ ,പ്രദീപ്കുമാർ കാവുന്തറ, മുഹമ്മദ് പേരാമ്പ്ര,വിജീഷ് പരവരി, എം.ബിജുകുമാർ, മണലിൽ മോഹനൻ, ബിജു ടിആർ പുത്തഞ്ചേരി തുടങ്ങിയവർ സാംസ്കാരിക സദസ്സിൽ അണിനിരക്കും.
പ്രകാശന പരിപാടിയോടനുബന്ധിച്ച് ഗോത്രഗാഥ എന്ന പേരിൽ വയനാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും ദൃശ്യാവിഷ്കരണങ്ങളും അരങ്ങേറും. തുടർന്ന് കലോത്സവ പ്രതിഭകൾ അണിനിരക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. അലോഷി ആദം നയിക്കുന്ന സംഗീത സായാഹ്നത്തോടെയാണ് കലാപരിപാടികൾക്ക് തിരശ്ശീല വീഴുക. ടി കെ ബാലകൃഷ്ണൻ ജനറൽ കൺവീനറും സന്തോഷ് പുതുക്കേമ്പുറം ചെയർമാനുമായുള്ള 101 അംഗ സ്വാഗതസംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.