സമസ്ത - സിഐസി തർക്കം തീരുന്നു: വാഫി വഫിയ്യ സംവിധാനം സമസ്തയ്ക്ക് കീഴിലാക്കി
പാണക്കാട് ചേർന്ന സെനറ്റിലാണ് ഹക്കീം ഫൈസിയുടെ രാജിയടക്കം സുപ്രധാനം തീരുമാനങ്ങൾ എടുത്തത്
മലപ്പുറം: സമസ്ത സിഐസി തർക്കത്തിൽ സമസ്തയുടെ തീരുമാനം സിഐസിയെ കൊണ്ട് അംഗീകരിപ്പിച്ച് മുസ്ലിംലീഗ്. വാഫി വഫിയ്യ സംവിധാനം പൂർണമായി സമസതയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുമെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. ഇന്ന് പാണക്കാട് ചേർന്ന സെനറ്റിലാണ് ഹക്കീം ഫൈസിയുടെ രാജിയടക്കം സുപ്രധാനം തീരുമാനങ്ങൾ എടുത്തത്. പി.കെ കുഞ്ഞാലി ക്കുട്ടിയും സാദിഖലി തങ്ങളും നേരിട്ടെത്തിയാണ് പ്രശ്നപരിഹാര ഫോർമുല അതവരിപ്പിച്ചത്.
സമസ്തയുമായുള്ള തർക്കത്തെ തുടർന്ന് സിഐസി ജനറൽ സെക്രട്ടറിയായിരുന്ന ഹക്കീം ഫൈസി നേരത്തെ രാജിവച്ചിരുന്നു. എന്നാൽ സിഐസി സെനറ്റ് രാജി അംഗീകരിച്ചിരുന്നില്ല. ഇത് സമസ്തയിൽ ചേരിതിരിവുണ്ടാക്കി. പല സ്ഥാപനങ്ങളും സിഐസിയിൽ നിന്ന് അകന്നു. സമസ്ത പുതിയ വിദ്യാഭ്യാസ പദ്ധതി കൊണ്ടു വന്നതോടെ പ്രശ്നം രൂക്ഷമായി. തർക്കം സിപിഎം മുതലെടുക്കുന്ന സാഹചര്യം വന്നതോടെ മുസ്ലീംലീഗ് ഇടപെട്ടു. ജൂൺ ഒന്നിന് സമസ്ത നേതാക്കളുമായി സംസാരിച്ച് പ്രശ്ന പരിഹാര ഫോർമുലയുണ്ടാക്കി.
ഹക്കീം ഫൈസി അദൃശ്ശേരിയുടെ രാജിയും ഹബീബുള്ള ഫൈസിയെ പുതിയ സെക്രട്ടറി ആക്കിയ തീരുമാനവും ഇന്ന് ചേർന്ന സെനറ്റിനെ കൊണ്ട് അംഗീകരിപ്പിച്ചു. ഹക്കീം ഫൈസിക്ക് പിന്തുണ പ്രഖ്യാപിച്ച 119 അംഗങ്ങളുടെ രാജി സെനറ്റ് റദ്ദാക്കി. വാഫി വഫിയ്യ സംവിധാനം പൂർണായി സമസ്തയുടെ നിയന്ത്രണത്തിൽ തുടരും. സിലബസ് സമസ്തയുടെ നിർദേശത്തിന് വിധേയമായി മാത്രമാക്കി.