നാടെങ്ങും ചെറിയ പെരുനാൾ ആഘോഷം
മേപ്പയൂരിൽ പള്ളികളിലും, ഈദ് ഗാഹുകളിലും പെരുനാൾ നിസ്കാരം നടന്നു
മേപ്പയൂർ: ആത്മവിശുദ്ധിയുടെ നറുനിലാവ് ചെയ്ത വിശുദ്ധമാസത്തിൻ്റെ പരിസമാപ്തിയായി മുസ്‌ലിം സഹോദരങ്ങൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മുപ്പത് രാപ്പകലുകളുടെ ധന്യതയോടെയാണ് ഇത്തവണ വിശ്വാസികൾ പെരുനാൾ ആഘോഷിക്കുന്നത്.
പുണ്യങ്ങളുടെ നിറവസന്തം തീർത്ത റമദാനിൽ നേടിയ പവിത്രത ജീവിതത്തിൽ കാത്ത് സൂക്ഷിക്കാം എന്ന പ്രതിഞ്ജയോടെയാണ് വിശ്വാസികൾ റമദാനിനോട് യാത്ര പറഞ്ഞത്. അഞ്ച് വെള്ളിയാഴ്ചകൾ ലഭിച്ചുവെന്ന പ്രത്യേകതയും ഇത്തവണത്തെ റമദാനിനുണ്ട്. റമദാനിലെ അവസാന ദിവസവും വെള്ളിയാഴ്ചയായിരുന്നു.
മേപ്പയൂർ മേഖലകളിൽ വിവിധ പള്ളികളിലും, ഈദ് ഗാഹുകളിലും പെരുനുനാൾ നിസ്കാരം നടന്നു. മേപ്പയ്യൂർ എളമ്പിലാട് ജുമുഅത്ത് പള്ളിയിൽ മഹല്ല് ഖാസി കെ. നിസാർ റഹ്മാനി പെരുനാൾ നിസ്കാരത്തിന് നേതൃത്വം നൽകി. നിസ്കാരനന്തരം അദ്ദേഹം ഈദ് സന്ദേശം കൈമാറി. നൂറു കണക്കിന് വിശ്വാസികളാണ് പെരുനാൾ നിസ്കാരത്തിനും പ്രാർത്ഥനയ്ക്കും പള്ളിയിൽ എത്തിയത്.