ആരാധനാലയങ്ങൾ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങ് ആകണം: കെ. ലോഹ്യ
മേപ്പയൂർ ശ്രീകണ്ഠമനശാല ക്ഷേത്രത്തിൽ സാംസ്കാരിക സദസ്സ് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: ക്ഷേത്രങ്ങൾ അടക്കമുള്ള ആരാധനാലയങ്ങൾ സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രവർത്തിക്കണമെന്ന് മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. ലോഹ്യ പറഞ്ഞു. മേപ്പയ്യൂർ ശ്രീകണ്ഠമനശാല ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്നേഹവും കരുണയും സമൂഹത്തിൽ പ്രസരിപ്പിച്ചുകൊണ്ട് ഓരോ പ്രദേശത്തെയും സാംസ്കാരിക കേന്ദ്രമായി വളരാൻ ക്ഷേത്രങ്ങൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ അധ്യക്ഷത വഹിച്ചു. ബിജു കാവിൽ മുഖ്യ പ്രഭാഷണം നടത്തി.
സമൂഹത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ, ആയിരിയോട്ട് മീത്തൽ കുഞ്ഞിരാമൻ, ചെറുവറ്റ ഇന്ദിര അമ്മ, മാര്യാംകണ്ടി പത്മനാഭൻ നായർ, ആർ.കെ. മാധവൻ നായർ, എം.കെ. കണാരൻ, തുന്നമ്പത്ത് ഗംഗാധരൻ നമ്പ്യാർ എന്നിവരെ ആദരിച്ചു. ക്ഷേത്ര പരിപാലന കമ്മിറ്റി സെക്രട്ടറി ബി. വിനോദ് കുമാർ സ്വാഗതവും ട്രഷറർ സുരേഷ് മാതൃകൃപ നന്ദിയും പറഞ്ഞു.