ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കൊടിയേറി
ഉത്സവം ഫെബ്രുവരി 27 മുതൽ മാർച്ച് 5 വരെ
മേപ്പയൂർ: ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിൽ എട്ട് ദിവസത്തെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ചടങ്ങുകൾക്ക് മേൽശാന്തി ചേന്ദമംഗലം കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. മെഗാ മെഡിക്കൽ ക്യാമ്പ്, പ്രസാദ ഊട്ട്, മെഗാ തിരുവാതിര എന്നീ പരിപാടികൾ നടന്നു.
27 ന് വൈകുന്നേരം സാംസ്കാരിക സദസ്സ് മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. ലോഹ്യ ഉദ്ഘാടനം ചെയ്യും. ബിജു കാവിൽ മുഖ്യ പ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. 28 ന് നടക്കുന്ന ആധ്യാത്മികസഭയിൽ പുറമേരി ശ്രീധരൻ നമ്പൂതിരി പ്രഭാഷണം നടത്തും. മാർച്ച് 1ന് രംഗീഷ് കടവത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടക്കും.
2 ന് തായമ്പക, കോമരം കൂടിയ വിളക്ക്, നാട്ടുണർവ്വ്, മാർച്ച് 3ന് ഉച്ചക്ക് പ്രസാദ ഊട്ട്, രാത്രി ഇരട്ടത്തായമ്പക, കളമെഴുത്ത് പാട്ട്, കലാനിശ എന്നിവയുണ്ടാകും. 4 ന് വൈകുന്നേരം ഇളനീർവെപ്പ്, താലപ്പൊലി, കുളിച്ചാറാട്ട്, കോഴിക്കോട് സ്വാതി തിയേറ്റേഴ്സിൻ്റെ നാടകം കൃഷ്ണായനം എന്നിവ നടക്കും.
5 ന് കാലത്ത് നാഗത്തിന് കൊടുക്കലോടെ ഉത്സവം സമാപിക്കും. വി.പി. കുഞ്ഞിരാമൻ ചെയർമാനും ബി. വിനോദ് കുമാർ ജനറൽ കൺവീനറുമായ ആഘോഷ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.