വിനോദ സഞ്ചാരികൾക്കായി ഇനി ചേർമലയുമൊരുങ്ങും; പ്രവൃത്തി ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു
3.59 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രദേശത്ത് നടപ്പിലാക്കുന്നത്
പേരാമ്പ്ര: ചേർമലയുടെ മാസ്മരിക സൗന്ദര്യം ഇനി വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടും. പേരാമ്പ്രയുടെ ഹൃദയത്തിൻ്റെ മനോഹരമായ ആകാശ കാഴ്ചയും ചെങ്കതിർ ചൂടിയ അസ്തമയ സൂര്യൻ്റെ മനോഹര ദൃശ്യവും സഞ്ചാരികളുടെ മനം കവരും. ചേർമല കേവ് ടൂറിസം പാർക്ക് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു.
ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിനോദസഞ്ചാര വികസന പ്രവൃത്തികൾക്കായി 3.59 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഓപ്പൺ എയർ തിയേറ്റർ, നടപ്പാതകൾ, ലൈറ്റ് സംവിധാനം, വാച്ച് ടവർ എന്നിവ ഉൾപ്പെടെ പ്രദേശത്തിൻ്റെ ഭംഗി വർദ്ധിപ്പിക്കും. കേവ് പാർക്കിൽ അത്യന്താധുനിക പാർക്കും തദ്ദേശീയർക്ക് അവരുടെ പരമ്പരാഗത ക്രാഫ്റ്റ് വർക്കുകൾ ചെയ്യാനും വിപണനം ചെയ്യാനുള്ള ഇടങ്ങൾ ഒരുക്കും.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ചേർമല പ്രദേശത്തെ ഏറ്റവും ഉയരമേറിയ സ്ഥാനമാണ്. ഇവിടെ നിന്നും പേരാമ്പ്ര പട്ടണത്തിൻ്റെ മനോഹരമായ ആകാശ കാഴ്ചയും മനോഹരമായ പുൽ മൈതാനവും ചേർമലയെ വ്യത്യസ്തമാക്കുന്നു. ശിലായുഗ സംസ്കാരത്തിൻ്റെ ഭാഗമെന്ന് കരുതുന്ന നരിമഞ്ച എന്ന ചെങ്കൽ ഗുഹയും പ്രദേശത്തിൻ്റെ പ്രധാന ആകർഷണമാണ്. സമീപത്തെ നരിക്കിലാ പുഴയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം. റീന സ്വാഗതം പറഞ്ഞു. എ.കെ. പത്മനാഭൻ, കെ. കുഞ്ഞമ്മദ്, യുവജനക്ഷേമ ബോർഡ് എസ്.കെ. സജീഷ്, എം. കുഞ്ഞമ്മദ്, വാർഡ് മെമ്പർമാരായ സജു ചെറുവത്ത്, അർജ്ജുൻ കറ്റയാട്ട്, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.