തൃക്കുറ്റിശ്ശേരിയിൽ ഇനി വായനയുടെ പുതു ലഹരി; 'വായനയാണ് ലഹരി' പദ്ധതിക്ക് തുടക്കമായി
ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ. ശങ്കരൻ പദ്ധതി ഉദ്ഘാടനം ചെയ്തു
തൃക്കുറ്റിശ്ശേരി: മനുഷ്യമനസ്സിനെ അന്ധതയിലേയ്ക്ക് ആഴ്ത്തുന്ന ലഹരി വസ്തുക്കൾക്കെതിരെ മനസ്സിനും ബുദ്ധിയ്ക്കും ഉണർവ്വും ഉയർച്ചയുമേകുന്ന വായനയുടെ പുതു ലഹരിയുമായി തൃക്കുറ്റിശ്ശേരി ദേശീയ വായനശാലയിൽ 'വായനയാണ് ലഹരി' പദ്ധതിയ്ക്ക് തുടക്കമായി.
വായനശാല ഹാളിൽ ചേർന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ. ശങ്കരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. കെ. സിജിത് അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അശ്വിൻ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി. വായനശാലയിലെ പുതിയ പുസ്തകങ്ങളുടെ പ്രദർശനം താലൂക്ക് കൗൺസിലർ പ്രമോദ് കെ. വി. ഉദ്ഘാടനം ചെയ്തു.
വാർഡ് വികസന സമിതി കൺവീനർ കെ. ശങ്കരൻ നമ്പൂതിരി, എ. കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി രാമനുണ്ണി പി. എം. സ്വാഗതവും പ്രസിഡന്റ് ഹരിദാസൻ നന്ദിയും പറഞ്ഞു