നല്ല വായനയിലൂടെ മൂല്യങ്ങളെ വീണ്ടെടുക്കുക: രമേശ് കാവിൽ
നടുവണ്ണൂർ വ്യാപാര ഫെസ്റ്റിൻ്റെ ഭാഗമായ പുസ്തക മേള സമാപിച്ചു
നടുവണ്ണൂർ: വ്യാപാര ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന പുസ്തകമേളയുടെ സമാപന സമ്മേളനവും സാംസ്കാരിക സായാഹ്നവും രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. നല്ല വായന സാംസ്കാരിക ഔന്നത്യത്തിലേക്ക് നമ്മെ നയിക്കുമെന്നും, മത- രാഷ്ട്രീയ - സാംസ്കാരിക നേതൃത്വങ്ങളും പൊതു സമൂഹവും അംഗീകരിക്കാത്ത അപചയങ്ങൾ എങ്ങനെ സമൂഹഗാത്രത്തിൽ അള്ളിപ്പിടിച്ചു കയറുന്നുവെന്നതിനെ ഗൗരവപൂർവ്വം നോക്കിക്കാണണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
കലാ - സാംസ്കാരിക - കായിക ഭൂപടത്തിൽ സവിശേഷ സ്ഥാനമുള്ള നടുവണ്ണൂരിൽ വ്യാപാര ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന പുസ്തകമേള ആധുനിക യുഗത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനാ സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള ശ്രദ്ധേയമായ കാൽവെപ്പാണെന്നും സംഘാടകർ പ്രത്യേകമായ അഭിനന്ദനങ്ങളർഹിക്കുന്നുണ്ടെന്നും അധ്യക്ഷത വഹിച്ച മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി. ബാലൻ തൻ്റെ പ്രസംഗ മധ്യേ അഭിപ്രായപ്പെട്ടു.
ഒ. എം. കൃഷ്ണകുമാർ, അഹ്മദ് ഇല്ലത്ത്, യൂസഫ് നടുവണ്ണൂർ, വിനോദ് കോട്ടൂർ, വി. കെ. വസന്തകുമാർ, ഹരീഷ് കോട്ടൂർ, ഷാഹുൽ ഹമീദ്, സജീവൻ മക്കാട്ട്, ബഷീർ കെ. എം, ചന്ദ്രൻ കെ. പി. തുടങ്ങിയവർ സംസാരിച്ചു.
ഒരാഴ്ച നീണ്ടു നിന്ന മേളയിൽ ഒരു ഡസനിലധികം പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ വിലക്കിഴിവോടെ ലഭ്യമായിരുന്നു. ഇൻ്റർനെറ്റിൻ്റെ പുതിയ മേഖലകളിലേക്കുള്ള പ്രയാണത്തിനിടയിലും പുസ്തകങ്ങൾ വാങ്ങാൻ നിരവധി പേരെത്തിയത് സന്തോഷകരമാണെന്ന് സംഘാടകരായ എം. കെ. ജലീൽ, ചന്ദ്രൻ വിക്ടറി, ഷബീർ നെടുങ്ങണ്ടി, ബൈജു പി. ജി, ബഷീർ കെ. എം, ചന്ദ്രൻ കെ. പി, നുസ്റത്ത് തുടങ്ങിയവർ പറഞ്ഞു.