ഹയർ സെക്കൻ്ററി അലോട്ട്മെൻ്റ്; പഴയരീതി പുനഃസ്ഥാപിക്കുക - ടീൻസ്പേസ് വിദ്യാർഥി സമ്മേളനം
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ നാസർ ബാലുശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ഹയർ സെക്കൻ്ററി അലോട്ട്മെൻ്റ് മുൻരീതി പുനഃസ്ഥാപിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ സമിതി സംഘടിപ്പിച്ച ടീൻസ്പേസ് സെക്കൻ്ററി വിദ്യാർഥി സമ്മേളനം ആവശ്യപ്പെട്ടു.
ഈ വർഷത്തെ ഹയർ സെക്കൻ്ററി പ്രവേശന നടപടിക്രമങ്ങൾ പതിവിന് വിപരീതമായാണ് മുന്നോട്ട് പോകുന്നത്. സാധാരണ മെറിറ്റ് അലോട്ട്മെൻ്റുകൾ കഴിഞ്ഞതിന് ശേഷമാണ് കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സംവരണ സീറ്റുകളിൽ അഡ്മിഷൻ നടപടികൾ നടക്കാറുള്ളത്. എന്നാൽ ഈ വർഷം ഒന്നാം അലോട്ട്മെൻ്റ് കഴിഞ്ഞയുടനെ സംവരണ സീറ്റുകളിൽ അലോട്ട്മെൻ്റ് നടത്തുന്നത് സംവരണ ലക്ഷ്യം തന്നെ അട്ടിമറിക്കാനിടയാക്കുന്നു. ഇത് മൂലം മാർക്ക് കുറവുള്ള എന്നാൽ സംവരണ ആനുകൂല്യമുള്ള വിദ്യാർഥികളുടെ അവസരം നഷ്ടമാകും എന്നതിനാൽ അഡ്മിഷൻ നടപടികൾ പഴയ പ്രകാരം തന്നെ മുന്നോട്ടു നീക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
എണ്ണൂറ് കൗമാര വിദ്യാർത്ഥികൾ പങ്കെടുത്ത സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മൂനിസ് അൻസാരി അധ്യക്ഷനായി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി, സംസ്ഥാന കൗൺസിലർ ഉമ്മർ കാപ്പാട്, മണ്ഡലം സെക്രട്ടറി എൻ. എൻ. സലീം, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് സബീഹ് തങ്ങൾ, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫാഇസ്, സ്വാലിഹ് അൽ ഹികമി, ഫാരിസ് അൽഹികമി, സി. പി. മുബശിർ എന്നിവർ സംസാരിച്ചു.
വിവിധ സെഷനുകളിലായി മുജാഹിദ് ബാലുശ്ശേരി, ഷാഫി സ്വബാഹി, സി. മുഹമ്മദ് അജ്മൽ, ഡോ: സി. പി. അബ്ദുല്ല ബാസിൽ, അസ്കർ ഒറ്റപ്പാലം, സഫീർ അൽഹിക്കമി, ശുക്കൂർ ചക്കരക്കല്ല്, അബ്ദുൽ അഹദ് ചുങ്കത്തറ, ശമീൽ മഞ്ചേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാപന സമ്മേളനം വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന പ്രസിഡണ്ട് അർഷദ് അൽഹികമി താനൂർ ഉദ്ഘാടനം ചെയ്തു. ഒ. കെ. അബ്ദുല്ലത്തീഫ്, ഹംറാസ് കൊയിലാണ്ടി, ഒ. റഫീഖ്, സി. പി. സാജിദ്, സി. വി. അസീൽ, ശുഐബ് കൊയിലാണ്ടി സംസാരിച്ചു.