മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്
പ്രതി പ്രേമരാജ് കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയാണ്

തലശ്ശേരി :കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും. കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടിൽ കെ. പ്രേമരാജനെ (64) ആണ് തലശ്ശേരി അഡീഷനൽ ജില്ല കോടതി (നാൽ) ജഡ്‌ജി ജെ. വിമൽ ശിക്ഷിച്ചത്. മകളുടെ ഭർത്താവ് തലശ്ശേരി ചിറക്കര പഴയ പെട്രോൾ പമ്പിന് സമീപം ചന്ദ്രി വില്ലയിൽ കെ.കെ. സന്ദീപിനെ (27) യാണ് പ്രേമരാജൻ കുത്തി ക്കൊലപ്പെടുത്തിയത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും വധശ്രമത്തിന് 10 വർഷം തടവിനും 50,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക കൊല്ലപ്പെട്ട സന്ദീപിൻ്റെ ഭാര്യയും പ്രതിയുടെ മകളുമായ നിനിഷക്ക് നൽകണം.2017 മേയ് 14-ന് രാവിലെ ഒമ്പതിന് തലശ്ശേരിയിലെ സന്ദീപിൻ്റെ വീട്ടിന് സമീപം വെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. സന്ദീപിന് സാമ്പത്തിക ശേഷി കുറവാണെന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. സന്ദീപ് -നിനിഷ ദമ്പതികളുടെ കുഞ്ഞിന് സെറിബ്രൽ പൾസി അസുഖമുണ്ടായിരുന്നു
സന്ദീപിനെ കല്യാണം കഴിച്ചതുകൊണ്ടാണ് കുഞ്ഞ് അസുഖം ബാധിച്ചതെന്ന തോന്നലും കുടുംബവഴക്കിനിടയാക്കി. വീട്ടുകാരുമായുള്ള വഴക്കിനെ തുടർന്ന് സന്ദീപ് ഭാര്യയെ വീട്ടിൽ പ്രവേശിപ്പിച്ചിരുന്നില്ല. തലശ്ശേരിയിൽ ചെരിപ്പു കടയിൽ ജോലി ചെയ്‌തിരുന്ന സന്ദീപ് പിന്നീട് എ.ടി.എമ്മിൽ പണം നിറയ്ക്കാൻ ജോലിയിലായിരുന്നു. പ്രതി പ്രേമരാജ് കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയാണ്. സംഭവത്തിന്റെ തലേന്ന് പ്രേമരാജൻ്റെ ഭാര്യ സുജ സന്ദീപിന്റെ വീട്ടിലെത്തിയപ്പോൾ മകൾ നിനിഷയുമായി വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രേമരാജനുമായി സന്ദീപ് ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ അസ്വാരസ്യമുണ്ടായി. സംഭവ ദിവസം രാവിലെ ചിറക്കരയിലെ വീട്ടിലെത്തിയ പ്രേമരാജൻ സന്ദീപുമായി വഴക്കുണ്ടായി.തുടർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി 50 മീറ്റർ അകലെ തലശ്ശേരി -വളവുപാറ റോഡിൽ എത്തിച്ച് കയ്യിൽ കരുതിയ കത്തി വെട്ടുകയായിരുന്നു.കേസിൽ 21 സാക്ഷികളെ വിസ്‌തരിച്ചു. തലശ്ശേരി സി.ഐമാരായിരുന്ന പ്രദീപൻ കണ്ണിപ്പയിൽ, കെ.ഐ. പ്രേമചന്ദ്രൻ അന്വേഷണം നടത്തി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ. രേഷ്‌മ ഹാജരായി..