കിനാലൂരിൽ കഞ്ചാവു കേസിൽ 3 പേർ പിടിയിൽ
പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്ക്വാഡും ബാലുശ്ശേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്

കിനാലൂർ: കഞ്ചാവു കേസിൽ 3 പേരെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്ക്വാഡും ബാലുശ്ശേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് കഞ്ചാവുമായി കിനാലൂർ സ്വദേശി കുന്നുമ്മൽ റഫ്‌നാദിനെ കിനാലൂരിൽ വെച്ച് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയ്യിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 18ഗ്രാം കഞ്ചാവും 37,080 രൂപയും പോലീസ് പിടിച്ചെടുത്തു.
കൂടാതെ കിനാലൂർ സ്വദേശികളായ എച്ചിങ്ങാ പൊയിൽ അർഷാദ് ഹുസൈൻ (31), കുമ്പടാംപൊയിൽ മുഹമ്മദ് റംഷിദ് (31) എന്നിവരെ ബാലുശ്ശേരി എസ്.ഐ. സുജിലേഷും സംഘവും പിടികൂടി. മുഴുവൻ പ്രതികളും മുമ്പ് കഞ്ചാവ് കേസിലെ പ്രതികളായവരാണ്. നിരവധി കേസുകളിൽ ഉൾപ്പെട്ട അർഷാദ് കാപ്പ പ്രകാരം മുമ്പ് നാടുകടത്ത പെട്ടയാളാണ്.
പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്.ഐ. സത്യജിത്ത് എസ്.സി.പി.ഒ. സമീർ, സി.പി.ഒ. അഭിഷ, പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു. കഞ്ചാവും മറ്റു ലഹരി വസ്തുക്കൾക്കും എതിരായി റെയ്ഡുൾപ്പടെ ശക്തമായ പ്രവർത്തനങ്ങളുമായി ബാലുശ്ശേരി പോലീസ് തുടർ ദിവസങ്ങളിലും മുന്നോട്ട് പോകുമെന്ന് ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ ദിനേശ് ടി.പി. അറിയിച്ചു.