നടുവണ്ണൂരിൽ മോഷണ പരമ്പര; രണ്ടാഴ്ചയ്ക്കിടെ നാലിടത്ത് മോഷണം
കിഴുക്കോട്ട് കടവ് ജി.എം.എൽ.പി. സ്കൂളിലും മോഷണം
നടുവണ്ണൂർ: വിവിധയിടങ്ങളിലായി നടുവണ്ണൂരിൽ മോഷണ പരമ്പര. രണ്ടാഴ്ചയ്ക്കിടെ കിഴുക്കോട്ട് കടവ് ജി.എം.എൽ.പി. സ്കൂൾ ഉൾപ്പെടെ നാലിടത്താണ് മോഷണം നടന്നത്. ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ചെങ്ങോട്ടുപാറയിലാണ് മോഷണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇന്നലെ രാത്രിയോടെയാണ് നടുവണ്ണൂർ കിഴുക്കോട്ട് കടവ് ജി.എം.എൽ.പി. സ്കൂളിൽ മോഷണം നടന്നത്. സ്കൂളിൻ്റെ ഗ്രിൽസ് കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് പ്രൊജക്ടർ, സ്പീക്കർ, മൈക്ക് ഉൾപ്പെടെ മോഷ്ടിച്ചു. സംഭവത്തിൽ ബാലുശ്ശേരി പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സ്കൂളിൽ ബാലുശ്ശേരി എസ്.ഐ., ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിൻ്റ് വിദഗ്ദർ ഉൾപ്പെടെ പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, വാർഡ് മെമ്പർ ഉൾപ്പെടെ സംഭവ സ്ഥലം സന്ദർശിച്ചു.
സമാനമായ മോഷണ ശ്രമങ്ങളാണ് അടുത്ത ദിവസങ്ങളിലായി അരങ്ങേറിയത്. ഡിസംബർ 31നാണ് പുളിഞ്ഞോളി വാസു മാസ്റ്ററുടെ വീട്ടിൽ മോഷണം നടന്നത്. ആൾതാമസമില്ലാത്ത വീടിൻ്റെ പിറകുവശത്തെ ജനൽ കുത്തിത്തുറന്ന നിലയിലാണ്. വീട്ടിൽ നിന്നും നിരവധി ചെമ്പുപാത്രങ്ങൾ മോഷണം പോയി. തുടർന്നാണ് തോട്ടപ്പുറത്ത് ദാമോദരൻ മാസ്റ്ററുടെ വീട്ടിൽ കളവ് നടന്നത്. വീട്ടിൽ ഉണ്ടായിരുന്ന ചെമ്പ്, ഓട്ട് പാത്രങ്ങളാണ് നഷ്ടപ്പെട്ടത്. ഏകദേശം ഒരു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. തോട്ടപ്പുറത്ത് ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലും മോഷണം നടന്നു. വീടിൻ്റെ ഗേറ്റ് കുത്തിപൊളിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ഇവിടെ നിന്നും മോട്ടോറാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ബാലുശ്ശേരി പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസങ്ങളിലായി നടക്കുന്ന മോഷണ പരമ്പരയിൽ ഭീതിയിലായിരിക്കുകയാണ് പ്രദേശവാസികൾ.