കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ മാഹി സ്വദേശിയിൽ നിന്ന് എക്സൈസ് സംഘം 79 ഗ്രാം എംഡിഎംഎ പിടിച്ചു
മാഹി സ്വദേശി റിഷാബ് യു കെ (30) യാണ് എക്‌സൈസിന്‍റെ പിടിയിലായത്
മാഹി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ 79.267 ഗ്രാം എംഡിഎംഎയുമായി മാഹി സ്വദേശി റിഷാബ് യു കെ (30) എക്‌സൈസിന്‍റെ പിടിയിലായി. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ അധിക ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർ യേശുദാസൻ പി ടിയും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ രാജീവ് വി ആറും സംഘവും സംയുക്തമായി വാഹന പരിശോധന നടത്തിവരവേയാണ് പ്രതിയെ പിടികൂടിയത്.
അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഉമ്മർ കെ, റാഫി കെ വി, പ്രിവന്‍റീവ് ഓഫീസർ സി എം ജെയിംസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുരേഷ് പുൽപറമ്പിൽ, ബിജേഷ് എം, ശ്രീനാഥ് പി, സനേഷ് കെ പി, ബാബു ജയേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷണു എൻ സി, സുബിൻ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുചിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജുനീഷ് കെ പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.