കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വർണാഭരണ മോഷണം പതിവാകുന്നു; ഇന്ന് യാത്രക്കാരിക്ക് നഷ്ടപ്പെട്ടത് മൂന്നര പവൻ
കഴിഞ്ഞയാഴ്ച പേരാമ്പ്രെയ്ക്കടുത്ത് യാത്രക്കാരിയുടെ സ്വർണ്ണം നഷ്ടപ്പെട്ടിരുന്നു
പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് ബസ് യാത്രയിൽ സ്വർണ്ണ മോഷണം പതിവാകുന്നു. രണ്ടാഴ്ചയ്ക്കിടയിൽ സമാനമായ രണ്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് വെള്ളിയൂരിൽ നിന്ന് നടുവണ്ണൂരിലേക്ക് യാത്ര ചെയ്ത സ്ത്രീയുടെ താലിമാലയാണ് നഷ്ടപ്പെട്ടത്. സ്വർണ്ണമാല നഷ്ടപ്പെട്ടതല്ലെന്നും പിടിച്ചു പറിച്ചതാണെന്നുമാണ് സ്ത്രീ പറയുന്നത്. യാത്ര സമയത്ത് തന്റെ തൊട്ടരികിലായി മറ്റൊരു സ്ത്രീ പതുങ്ങി നിന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു വെന്നും അവർ പറഞ്ഞു. കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന എസ് ആർ ബസ്സിൽ വച്ചാണ് രാവിലെ 9.15 നും 9.30നും ഇടയിൽ സ്വർണ്ണമാല മോഷണം പോയത്.
കഴിഞ്ഞയാഴ്ച ഇതേ റൂട്ടിൽ യാത്ര ചെയ്ത മറ്റൊരു സ്ത്രീയുടെ മാലയും പൊട്ടിച്ചിരുന്നു. ആസൂത്രിതമായി മോഷണം നടത്തുന്ന സംഘം ആണോ ഇതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മോഷണം സംബന്ധിച്ച് പേരാമ്പ്ര പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9746728624 ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.