കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട; കരിയർ മാർ സ്ത്രീകൾ
അരക്കിലോയിലധികം എംഡിഎംഎയും ബ്രൗണ്‍ ഷുഗറും പിടികൂടി
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. മൂന്നു കേസുകളിലായി അരക്കിലോയിലധികം എംഡിഎംഎയും ബ്രൗണ്‍ ഷുഗറും പിടികൂടി. മംഗലൂരു സ്വദേശിയായ യുവതിയുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് കോഴിക്കോട് നഗരത്തിലേക്ക് എത്തിക്കുന്ന ലഹരിമരുന്ന് തടയകുയെന്ന ശ്രമകരമായ ദൗത്യത്തിലാണ് പൊലീസ്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി പൊലീസും ഡാന്‍സാഫും വല വിരിച്ചപ്പോൾ കുടുങ്ങിയത് ലഹരി ശൃംഖലയിലെ വമ്പന്‍ കണ്ണികളാണ്. മാങ്കാവ് വെച്ച് ലഹരി മരുന്നുമായി രണ്ടു യുവാക്കളാണ് പൊലീസിന്‍റെ പിടിയിലായത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് സി എ, ജാസം അല്‍ത്താഫ് എന്നിവരില്‍ നിന്നും 326 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവിൽ നിന്ന് ലഹരി മരുന്നെത്തിച്ച് കോഴിക്കോട് വിതരണം ചെയ്യുന്നവർ ആണിവരെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് 245 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ലഹരി മരുന്നെത്തിച്ച ഫാറൂഖ് കോളേജ് സ്വദേശി ഫാസിര്‍, മംഗലൂരു സ്വദേശി ഷാഹിദാ ബാനു എന്നിവര്‍ പിടിയിലായി. വലിയങ്ങാടിയില്‍ വെച്ച് 45 ഗ്രാം ബ്രൗണ്‍ഷുഗറുമായി ബേപ്പൂര്‍ സ്വദേശി മുജീബ് റഹ്മാന്‍ അറസ്റ്റിലായി. 27 ലക്ഷം രൂപയോളം വിലവരുന്ന ലഹരി മരുന്നാണ് ഒറ്റദിവസം കൊണ്ടു പിടികൂടിയത്.