headerlogo
crime

പലിശ മുടങ്ങി; കോഴിക്കോട്ട് കടം വാങ്ങിയ യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

യുവാവിനെ കത്തി കൊണ്ട് നെഞ്ചിൽ വരയുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു

 പലിശ മുടങ്ങി; കോഴിക്കോട്ട് കടം വാങ്ങിയ യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍
avatar image

NDR News

30 May 2024 10:16 AM

കോഴിക്കോട്: പലിശമുടങ്ങിയതിൻ്റെ പേരിൽ പണം കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പന്നിയങ്കര ചക്കുംകടവ് സ്വദേശിയായ മുഹമ്മദ് റാഫി (32), താരിഖ് (34), പുതിയങ്ങാടി സ്വദേശി ശരത്(30) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് നടക്കാവ് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

      കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഷെമീറിനെയാണ് കത്തികൊണ്ട് ശരീരത്തിൽ വരയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. മുഹമ്മദ് റാഫിയുടെ പക്കല്‍ നിന്ന് ഷെമീര്‍ നേരത്തെ 10,000 രൂപ കടം വാങ്ങിയിരുന്നു. ദിവസവും ആയിരം രൂപ പലിശക്കാണ് പണം നല്‍കിയത്. എന്നാല്‍ രണ്ട് ദിവസമായി പലിശ നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയോടെ വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്കിന് സമീപം വെച്ച് ഷെമീറും റാഫിയും തമ്മില്‍ ഇതുസംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് താരിഖിന്റെയും ശരത്തിന്റെയും സഹായത്തോടെ റാഫി ഷെമീറിനെ ആക്രമിക്കുകയുമായിരുന്നു.

      കത്തി ഉപയോഗിച്ച് തന്റെ നെഞ്ചില്‍ വരഞ്ഞതായും കണ്ണിനും ചെവിയിലും മര്‍ദ്ദിച്ചതായും ഷെമീര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച സുഹൃത്ത് സമീറിനും പരിക്കേറ്റു. മുഹമ്മദ് റാഫിയെ വീട്ടില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് താരിഖിനെയും ശരത്തിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി.

       നടക്കാവ് പൊലീസ് എസ്.ഐമാരായ ലീല വേലായുധന്‍, ബിനു മോഹന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ്, ശ്രീകാന്ത്, സജല്‍ ഇഗ്നേഷ്യസ്, അജീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

NDR News
30 May 2024 10:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents