headerlogo
crime

കോഴിക്കോട് തലയില്‍ കല്ലുകൊണ്ടിടിച്ച് ആക്രമണം; യുവാവിന് ദാരുണാന്ത്യം

നഗരത്തില്‍ രണ്ടിടത്താണ് സമാനമായ രീതിയില്‍ ആക്രമണമുണ്ടായത്

 കോഴിക്കോട് തലയില്‍ കല്ലുകൊണ്ടിടിച്ച് ആക്രമണം; യുവാവിന് ദാരുണാന്ത്യം
avatar image

NDR News

28 May 2024 11:18 AM

കോഴിക്കോട്: നഗരത്തില്‍ രണ്ടിടത്ത് സമാനമായ രീതിയില്‍ തലയില്‍ കല്ലുകൊണ്ടിടിച്ച് ആക്രമണം. സംഭവത്തിൽ ഒരാള്‍ മരിച്ചു. മാങ്കാവില്‍ കടവരാന്തയില്‍ കിടന്നുറങ്ങിയ യുവാവിനെയാണ് തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊന്നത്. മാങ്കാവ് തളിക്കുളങ്ങര ഈയ്യക്കണ്ടി മുഹമ്മദ് ഷാഫി(36)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.

       സംഭവത്തിൽ തമിഴ്നാട് സ്വദേശി ആന്റണി ജോസഫി(35)നെ കസബ പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാത്രി 8.30-ന് മാങ്കാവിലെ സ്വകാര്യ ലാബിന്റെ കടവരാന്തയിലായിരുന്നു സംഭവം. പരിക്കേറ്റ മുഹമ്മദ് ഷാഫിയെ മാങ്കാവ് സ്വദേശി കെ. ഫുഹാദ് സെനിന്റെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് പ്രദേശവാസികള്‍ ബലപ്രയോഗത്തിലൂടെ ആന്റണി ജോസഫിനെ കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

       മദ്യപിച്ച ആന്റണി ജോസഫ്, ഷാഫിയെ അക്രമിക്കുകയായിരുന്നെന്ന് കസബ പോലീസ് പറഞ്ഞു. ഇയാള്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് താമസിക്കുകയാണ് ചെയ്യാറുള്ളത്. പരേതരായ ഇ.കെ. ഹസന്റെയും ആയിഷാബിയുടെയും മകനാണ് മുഹമ്മദ് ഷാഫി. സഹോദരങ്ങള്‍: സമദ്, ശരീഫ്, സാബിത, ഫാസില. കബറടക്കം ചൊവ്വാഴ്ച ശാദുലി ജുമുഅത് പള്ളിയില്‍. സംഭവസ്ഥലത്ത് കസബ ഇന്‍സ്‌പെക്ടര്‍ എം. രാജേഷ്, വിരലടയാള വിദഗ്ധ എ.വി. ശ്രീജയ എന്നിവര്‍ തെളിവെടുപ്പ് നടത്തി. 

       അതേസമയം, റെയില്‍വേ സ്റ്റേഷനുസമീപം റോഡരികില്‍ വിശ്രമിക്കുകയായിരുന്ന ആളെയും കല്ലുകൊണ്ട് ഇടിച്ചുകൊല്ലാന്‍ ശ്രമം നടന്നു. പരിക്കേറ്റ പൊന്നാനി സ്വദേശി മാളിയേക്കല്‍ എം. സിദ്ദിഖ് (49) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി മുഹമ്മദ് റിസ്വാന്‍ (31) അറസ്റ്റിലായി. തിങ്കളാഴ്ച രാവിലെ 10-ന് ആയിരുന്നു സംഭവം. ആര്‍.എം.എസ്. ഓഫീസിന് സമീപത്തുള്ള പാതയോരത്തുനിന്ന് മുഹമ്മദ് റിസ്വാന്‍ കള്ളി കൊണ്ട് സിദ്ദിഖിന്റെ തലയ്ക്കിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ബിജുപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.

NDR News
28 May 2024 11:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents