headerlogo
crime

ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

ഇത്തരമൊരു ക്രൂരകൃത്യം ഇനിമേല്‍ സംഭവിക്കാതിരിക്കാനാണ് വധശിക്ഷയെന്നും കോടതി

 ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി
avatar image

NDR News

20 May 2024 03:01 PM

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. ജസ്റ്റിസുമാരായ പി.ജി. അജിത് കുമാര്‍, എസ്. മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നു സാധൂകരിച്ച ഹൈക്കോടതി പ്രതിയുടെ അപ്പീല്‍ തള്ളി. കൊലപാതകം ഡല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചു. 

      ശാസ്ത്രീയ തെളിവുകൾ ശരിവെച്ച കോടതി, ഇത്തരമൊരു ക്രൂരകൃത്യം ഇനിമേല്‍ സംഭവിക്കാതിരിക്കാനാണ് വധശിക്ഷയെന്നും വ്യക്തമാക്കി. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ആഴത്തിലേറ്റ മുറിവുകളായിരുന്നു മരണ കാരണം. കൊലപാതകം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാനായത്. അതിഥി തൊഴിലാളിയായിരുന്ന അസം സ്വദേശി 32കാരന്‍ അമീറുള്‍ ഇസ്ലാം ആണ് കേസിലെ ഏക പ്രതി. 

      കൊല്ലപ്പെടും മുന്‍പ് യുവതി പ്രതിയുടെ കൈയ്യില്‍ കടിച്ചതിലൂടെ ലഭിച്ച സാമ്പിളിലെയും പ്രതിയുടെയും ഡി.എന്‍.എ. ഒരുപോലെയായിരുന്നു. അമീറുള്‍ ഇസ്ലാമിന്റെ രക്തം യുവതിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ചതും അമീറുള്‍ ഇസ്ലാമിന്റെ ചെരുപ്പില്‍ നിന്നും യുവതിയുടെ ഡി.എന്‍.എ. കണ്ടെത്തിയതും തെളിവായി. ഇതോടൊപ്പം കൊലപാതകത്തിന് ഉപയോഗിച്ച കത്തിയില്‍ നിന്നും യുവതിയുടെ ഡി.എന്‍.എ. സാമ്പിള്‍ ലഭിച്ചു.

       2017 ഡിസംബറില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി അമീറുള്‍ ഇസ്ലാം കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തി. 1,500 പേജുള്ള കുറ്റപത്രം അനുസരിച്ചായിരുന്നു വിചാരണ. ഒന്നര വര്‍ഷത്തിലധികം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. വധശിക്ഷ ആയതിനാല്‍ ശിക്ഷാവിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

NDR News
20 May 2024 03:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents