നാദാപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 58 വർഷം തടവും ഒരു ലക്ഷം പിഴയും
നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയുടേതാണ് വിധി
നാദാപുരം: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 58 വര്‍ഷം കഠിനതടവ്. കന്യാകുമാരം മാര്‍ത്താണ്ഡം സ്വദേശിയും നാദാപുരം നരിപ്പറ്റയില്‍ വാടകവീട്ടിലെ താമസക്കാരനുമായ വളവിലായി രതീഷിനെ(28)യാണ് കോടതി ശിക്ഷിച്ചത്. തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം. സുഹൈബിന്റേതാണ് വിധി.
2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. വിവരമറിഞ്ഞ നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തി ബാലികാ സദനത്തിലും പിന്നീട് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലും എത്തിച്ചത്. തുടർന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലിസിന് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍മാരായ കെ. രാജീവ് കുമാര്‍, ടി.പി. ഹര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.