ലഹരി കേസുകളിൽ ഉൾപ്പെട്ട യുവാക്കളെ വടകര കോടതി വെറുതെ വിട്ടു
കേസന്വേഷണത്തിലെ അപാകത മൂലമാണ് കോടതി പ്രതികളെ വെറുതെവിട്ടത്
വടകര: രണ്ട് മയക്കുമരുന്നു കേസുകളിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വടകര കോടതി വിട്ടയച്ചു. വടകര എൻ.ഡി.പി.എസ്. സ്പെഷ്യൽ കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബുവാണ് വിധി പ്രസ്താവിച്ചത്. പോലീസിന്റെ കേസന്വേഷണത്തിലെ അപാകത മൂലമാണ് പ്രതികളെ കോടതി വിട്ടയച്ചത്.
256 നെട്രാസഫാം ഗുളികളുമായി മുക്കം പോലീസ് പിടികൂടിയ കൂടത്തായി സ്വദേശി അജിത്ത് (35), 2 ഗ്രാം ബ്രൗൺഷുഗറുമായി കുന്ദമംഗലം പോലീസ് പിടികൂടിയ വെള്ളയിൽ നാലുകുടിപറമ്പ് മുഹമ്മദ് റാഫി (38) എന്നിവരെയാണ് കോടതി വിട്ടയച്ചത്. 2018 ജൂൺ അഞ്ചിന് ഉച്ചക്കാണ് അജിത്തിനെ മുക്കം വൈ ബ്രിഡ്ജിൽ നിന്ന് മുക്കം സബ്ബ് ഇൻസ്പെക്ടർ പിടികൂടിയത്. ജൂൺ ഒമ്പതിന് ഉച്ചക്ക് ചാത്തമംഗലം എൻ.ഐ.ടിക്ക് സമീപം വെച്ച് മുഹമ്മദ് റാഫിയെ കുന്ദമംഗലം പോലീസ് സബ്ബ് ഇൻസ്പെക്ടരും പിടികൂടി.
ഇരു കേസുകളിലുമായി 13 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തിരുന്നു. എൻ.ഡി.പി.എസ്. ആക്ടിനും, ക്രിമിനൽ നടപടി നിയമത്തിനും എതിരായ അന്വേഷണമാണ് രണ്ടു കേസുകളിലും നടത്തിയത് എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി പ്രതികളെ വിട്ടയച്ചത്. രണ്ടു കേസുകളിലും പ്രതികൾക്കു വേണ്ടി അഡ്വ. പി.പി. സുനിൽകുമാർ ഹാജരായി.