കരിപ്പൂരിൽ സ്വർണ്ണം കടത്തിയ കുറ്റ്യാടി സ്വദേശിയും കവർച്ചാ സംഘവും പിടിയിൽ
പിടിച്ചെടുത്തത് 56 ലക്ഷം രൂപയുടെ സ്വർണ്ണം
കോഴിക്കോട്: ഖത്തറില്‍നിന്ന് കരിപ്പൂർ അന്തരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കുറ്റ്യാടി സ്വദേശിയും സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ ക്രിമിനൽ സംഘവും പിടിയിൽ. കുറ്റ്യാടി സ്വദേശി ലബീബ് എന്ന യാത്രക്കാരനാണ് പിടിയിലായത്. 56 ലക്ഷം രൂപയുടെ സ്വർണ്ണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇയാളുടെ അറിവോടെ സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ വിമാനത്താവളത്തിലെത്തിയ ആറംഗ സംഘവും പിടിയിലായി.
കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ്, അജ്മല്‍ (36), മുനീര്‍ (34), നജീബ് (45) എന്നിവരാണ് സംഘാംഗങ്ങൾ. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിമാനത്താവള പരിസരത്ത് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ അറൈവൽ ഗേറ്റിൽ സംശയാസ്പദമായ രീതിയില്‍ നിലയുറപ്പിച്ച കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് കവര്‍ച്ചാ സംഘത്തിന്‍റെ വിശദമായ പദ്ധതി വ്യക്തമായത്. തുടർന്ന് വിമാനത്താവളത്തിന് പുറത്ത് മറ്റൊരു കാറില്‍ പാനൂര്‍ സ്വദേശികളായ അജ്മല്‍ (36), മുനീര്‍ (34), നജീബ് (45) എന്നിവര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഇവരിൽനിന്ന് വിവരംലഭിച്ചു. കുറ്റ്യാടി സ്വദേശിയായ ഫസല്‍ എന്നയാളാണ് സ്വര്‍ണ്ണവുമായി വരുന്ന യാത്രക്കാരന്‍റെ വിവരങ്ങള്‍ കവര്‍ച്ചാ സംഘത്തിന് കൈമാറിയത്.
കസ്റ്റംസ് പരിശോധനകളെ അതിജീവിച്ച് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ലബീബിനെ പോലീസ് പിടികൂടി. ഇയാൾ പോലീസ് കസ്റ്റഡിയിലായതോടെ അപകടം മണത്ത കവര്‍ച്ചാസംഘത്തിലെ മൂന്നുപേര്‍ പദ്ധതി ഉപേക്ഷിച്ച് കടന്നുകളഞ്ഞെങ്കിലും കവര്‍ച്ചാസംഘത്തെ പിന്തുടര്‍ന്ന പോലീസ് കണ്ണൂര്‍ ചൊക്ലിയില്‍വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.