യുവജനങ്ങൾക്ക് തൊഴില്‍ ആശ്വാസം പകർന്ന് സംസ്ഥാന സർക്കാരിന്റെ തൊഴിൽ മേള
ലൈലയും സഹോദരി നിസ്‌മയും മൂന്നും ആറും മാസം പ്രായമായ കുഞ്ഞുങ്ങളെയുമായാണ് തൊഴിൽ സാധ്യത തേടിയെത്തിയത്

കോഴിക്കോട്: നോളജ് എക്കോണമി മിഷൻ മലബാർ ക്രിസ്‌ത്യൻ കോളേജിൽ സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ തല തൊഴില്‍ മേളയിൽ 522 പേരെ തെരെഞ്ഞെടുത്തു. അഞ്ഞൂറോളം യുവതീ യുവാക്കളാണ് കോഴിക്കോട്ട് തൊഴില്‍ മേളയിലെത്തിയത്. തൊഴിൽ മേളയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിര്‍വ്വഹിച്ചു.മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. കോവിഡടക്കം പ്രതികൂല സാഹചര്യങ്ങളാൽ തൊഴിലിൽ നിന്നകന്നവർക്ക് പ്രതീക്ഷനൽകുന്നതായി മേള.
അത്തോളി സ്വദേശി ലൈലയും സഹോദരി നിസ്‌മയും മൂന്നും ആറും മാസം പ്രായമായ കുഞ്ഞുങ്ങളെയുമായാണ് തൊഴിൽ സാധ്യത തേടിയെത്തിയത്. വന്നവരിലേറെയും പ്ലസ്‌ടു മുതൽ പ്രൊഫഷണൽ കോഴ്‌സ് വരേ കഴിഞ്ഞവരാണ്. എസ്‌ബിഐ ലൈഫ്, റിലയൻസ് ജിയോ ഇൻഫോകോം, വേവ്‌സ്, എഎം മോട്ടോർസ്, വികെസി, മലബാർ ഗ്രൂപ്പ് തുടങ്ങി 55 ഓളം കമ്പനികൾ നേരിട്ടും17 കമ്പനികൾ ഓൺലൈൻ ആയും റിക്രൂട്ട്‌മെന്റിൽ പങ്കെടുത്തു.
അഭിമുഖത്തിന് പങ്കെടുക്കുന്നതിന് മുന്നോടിയായി കുടുംബശ്രീ സ്‌കിൽ വിഭാഗവുമായി സഹകരിച്ച് പരിശീലനവും നൽകിയിരുന്നു. നിരവധി പേർ ഷോർട്ട് ലിസ്‌റ്റിൽ ഉൾപ്പെടുകയും ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സബ് കലക്ടർ ചെൽസാ സിനി, ഡിസ്ട്രിക്ട് ഇൻഡസ്‌ട്രീസ് സെന്റർ മാനേജർ എം. കെ. ബലരാജൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പി. രാജീവൻ, പ്രിൻസിപ്പൽ ഡോ. സച്ചിൻ ജെയിംസ്, കെകെഇഎം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം. സലിം എന്നിവർ സംസാരിച്ചു.