വ്യാപാര യുദ്ധത്തിനിടെ കത്തിക്കയറി സ്വർണ വില, പവന് ഇന്നും 840 രൂപ കൂടി
ഇന്ന് ഗ്രാമിന് 8,920 രൂപയിലും പവന് 71,360 രൂപയിലുമാണ് കേരളത്തിൽ വ്യാപാരം

തിരുവനന്തപുരം: ആഭരണ പ്രേമികളുടെയും വിവാഹം പോലുള്ള വിശേഷ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരുടെയും ചങ്കിടിപ്പേറ്റി സ്വർണ വിലയുടെ കുതിച്ചു കയറ്റം. സംസ്‌ഥാനത്തും ദേശീയതലത്തിലും രാജ്യാന്തര വിപണിയിലും വില റെക്കോർഡ് തിരുത്തി. കേരളത്തിൽ ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയും ഉയർന്ന് പുതിയ ഉയരം തൊട്ടു. പവൻവില ചരിത്രത്തിലാദ്യമായി 71,000 രൂപയും കടന്നു. 9,000 രൂപയെന്ന നാഴികക്കല്ലിൽ നിന്ന് വെറും 80 രൂപ അകലെയാണ് ഗ്രാം വില.
ഇന്ന് ഗ്രാമിന് 8,920 രൂപയിലും പവന് 71,360 രൂപയിലുമാണ് കേരളത്തിൽ വ്യാപാരം. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയും എന്ന റെക്കോർഡ് മറക്കാം. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം പവന് കൂടിയത് 5,560 രൂപ; ഗ്രാമിന് 695 രൂപയും. പണിക്കൂലിയും നികുതിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലും കൂടുതലാണെന്നത് ഏറ്റവുമധികം വലയ്ക്കുക വിവാഹാഭരണങ്ങൾ എടുക്കാൻ കാത്തിരുന്നവരെ.