കുറ്റ്യാടി മേഖലയില്‍ സിഎന്‍ജി ഓട്ടോകള്‍ പ്രതിസന്ധിയില്‍
വടകര താലൂക്കിൽ കൂടുതല്‍ പമ്പുകളില്‍ സി.എൻ.ജി വിതരണം ആരംഭിക്കണമെന്ന ആവശ്യവും ശക്തം

കുറ്റ്യാടി: ഗ്യാസ് ലഭ്യമല്ലാത്തതിനാൽ സി.എൻ.ജി ഓട്ടോകൾ ഇന്ധനം കിട്ടാതെ പ്രതിസന്ധിയിൽ. വടകര താലൂക്കിൽ കുറ്റ്യാടിയിൽ ഒരു പമ്പിൽമാത്രമാണ് സി.എൻ.ജി എത്തുന്നത്. ഇവിടെ മണിക്കൂറുകൾ കാത്തു കിടന്നാൽ മാത്രമാണ് ഓട്ടോകൾക്ക് ഗ്യാസ് കിട്ടുന്നത്. ആവശ്യമായ ട്രാൻസ്ഫോർമർ ഇല്ലാത്തത്കൊണ്ട് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്തതിനാൽ പമ്പിൽനിന്ന് ഗ്യാസ് കംപ്രസ് ചെയ്ത് ഓട്ടോയുടെ സിലിണ്ടറിലേക്ക് നിറക്കാൻ കഴിയുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
പുതുതായി ഇറങ്ങിയ 90 ശതമാനം ഓട്ടോകളും സി.എൻ.ജിയായതോടെ താലൂക്കിലെ എല്ലാ ടൗണുകളിലും സി.എൻ.ജി ഓട്ടോകൾ വർധിച്ചു. എന്നാൽ, താലൂക്കിൽ കുറ്റ്യാടി നാദാപുരം റോഡിലെ പമ്പിൽ മാത്രമാണ് സി.എൻ.ജി ലഭിക്കുന്നത്.പ്രകൃതി സൗഹൃദ ഇന്ധനമായ സി.എൻ.ജിയുടെ ഗുണങ്ങളും ലാഭവും സംബന്ധിച്ച അറിയിപ്പുകൾ കാണുകയും ഡീസൽ, പെട്രോൾ വില കുതിച്ചുയരുകയും ചെയ്തതോടെ വടകര താലൂക്കിലെ നിരവധി ഓട്ടോകൾ സി.എൻ.ജിയിലേക്കു മാറിയിരുന്നു.
ആയിരത്തോളം ഓട്ടോകളും മറ്റ് സി.എൻ.ജി വാഹനങ്ങളും കുറ്റ്യാടിയിലെ പമ്പിനെ മാത്രമാണ് ആശ്രയിക്കുന്നത്. പുലർച്ച രണ്ടു മണി മുതൽ ഓട്ടോകൾ പമ്പിലെത്തി ക്യൂ നിന്നാൽ മാത്രമാണ് ഗ്യാസ് ലഭിക്കുക. പമ്പിലേക്ക് എറണാകുളത്തു നിന്നെത്തുന്ന സി.എൻ.ജി സിലിണ്ടർ ഘടിപ്പിച്ച ലോറിയിൽനിന്നാണ് ഗ്യാസ് വിതരണം ചെയ്യുന്നത്.
ഇത്തരത്തിൽ ഒരു വാഹനമാണ് കുറ്റ്യാടിയിൽ എത്തുന്നത്. ഓട്ടോകളുടെ നീണ്ട ക്യൂ ഉള്ള അവസരങ്ങളിൽ അവസാനമെത്തുന്ന വണ്ടികൾക്ക് ഗ്യാസ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഒരു ദിവസം രണ്ടു ലോഡ് ഗ്യാസ് എങ്കിലും കുറ്റ്യാടിയിൽ എത്തിക്കണമെന്നാണ് ആവശ്യം. വടകര താലൂക്കിൽ കുറ്റ്യാടി കൂടാതെ മറ്റു സ്ഥലങ്ങളിലെ പമ്പുകളിലും സി.എൻ.ജി വിതരണം ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.