മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു
ഓടിയെത്തിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പാലക്കാട് : ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷൺമുഖനാണ് പോലീസിൻ്റെ കസ്റ്റഡിയിലുള്ളത്. ഷൺമുഖൻ്റെ അമ്പലപ്പാറയിലെ വീട്ടിൽ വച്ചായിരുന്നു ആക്രമണം.
രാംദാസും ഷൺമുഖനും മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മോഷണം അടക്കം വിവിധ കേസുകളിൽ പ്രതികളാണ്. സംഭവ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നതിനാൽ വിശദമായ അന്വേഷണം നടക്കുകയാണ്. രാമദാസിൻ്റെ ഇരുകാലുകൾക്കുമാണ് വെട്ടേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തമ്മിലുള്ള മുൻകാല ഇടപാടുകൾ പോലീസ് പരിശോധിച്ചു.