ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര; പിഴയടക്കാൻ ആവശ്യപ്പെട്ട ടിടിഇയ്ക്ക് മർദ്ദനം
നെയ്യാറ്റിൻകരയ്ക്കും പാറശ്ശാലക്കും ഇടയിലാണ് സംഭവം നടന്നിരിക്കുന്നത്

തിരുവനന്തപുരം: ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ഒരു സംഘം യാത്രക്കാർ മർദിച്ചതായി പരാതി. ഐലൻഡ് എക്സ്പ്രസിലാണ് സംഭവം. മർദനമേറ്റ ടിടിഇ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്. നെയ്യാറ്റിൻ കരയ്ക്കും പാറശ്ശാലക്കും ഇടയിലാണ് സംഭവം നടന്നിരിക്കുന്നത്. ടിക്കറ്റ് പരിശോധിച്ചു പോകുന്നതിനിടയിൽ സ്ലീപ്പർ ക്ലാസിൽ നാലഞ്ച് പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നു. ഇവരുടെ പക്കൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നില്ല. ജനറൽ ടിക്കറ്റായിരുന്നു ഉണ്ടായിരുന്നത്.
ടിടിഇ ജയേഷ് ആവശ്യപ്പെട്ടപ്പോൾ പണമടക്കാനോ പിഴയടക്കാനോ ഇവർ തയ്യാറായില്ല. മാത്രമല്ല ജയേഷിനെ മർദിക്കുകയും ചെയ്തു. കംപാർട്ട്മെന്റിൽ പിടിച്ചുവെച്ച് മർദിച്ചതിനെ തുടർന്ന് ജയേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റ് ടിടിഇമാരെ അറിയിച്ചതിനെ അവർ അവർ പൊലീസിനെ വിളിക്കുകയായിരുന്നു. മർദിച്ച സംഘത്തിലെ ഒരാളൊഴികെ ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടിരിക്കുകയാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മർദനമേറ്റ ടിടിഇ ജയേഷ് പേട്ട ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.