പൊരി വെയിലിൽ കുളിർമയായി കോഴിക്കോട് ജില്ലയിൽ വ്യാപക മഴ
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈകിട്ടോടെയാണ് മഴ ആരംഭിച്ചത്

ബാലുശ്ശേരി: പൊള്ളുന്ന വേനലിൽ കുളിർമയായി കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തകർപ്പൻ മഴ. ചെറുതായ ഇടിമിന്നലിന്റെ അകമ്പടിയോടെ വന്ന മഴ പതിയെ തുടങ്ങി പലയിടത്തും തകർത്തു പെയ്യുകയായിരുന്നു. മലയോര മേഖലയായ പേരാമ്പ്ര കൂട്ടാലിട ബാലുശ്ശേരി കിനാലൂർ പെരുവണ്ണാമൂഴി ഭാഗങ്ങളിലും ചെറുവണ്ണൂർ മേപ്പയ്യൂർ ഉള്ളിയേരി കൊയിലാണ്ടി കുറ്റ്യാടി,കണയംകോട് കൊയിലാണ്ടി കടിയങ്ങാട് മേഖലകളിലും മഴ ലഭിച്ചു. പലയിടത്തും തുടർച്ചയായ മഴ മണിക്കൂറിലധികം നീണ്ടു. മഴയുടെ അവസാനത്തിൽ കാറ്റടിച്ചതിന്റെ ഭാഗമായി ചിലയിടത്ത് മരങ്ങളും തൈകളും വീണിട്ടുണ്ട്. ശക്തമായ മഴ പെയ്ത പലസ്ഥലങ്ങളിലും വൈദ്യുത ബന്ധം നിലച്ചിട്ടുണ്ട്. സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു. ഇതിൻറെ ഭാഗമായി നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യെല്ലോ അലർട്ടിന് സമാനമായ മഴയാണ് പലയിടത്തും ലഭിച്ചത്'
തെക്കൻ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്, പ്രത്യേക ജാഗ്രതാ നിർദേശം. തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, മാലിദ്വീപ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.