പുറക്കാമലയിൽ രാത്രി മറവിൽ ഖനനശ്രമം; പ്രതിഷേധവുമായി നാട്ടുകാർ
സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നൂറിലധികം ആളുകൾ മലയിൽ

മേപ്പയ്യൂർ: പുറക്കാമലയിൽ രാത്രിയുടെ മറവിൽ വൻ സന്നാഹങ്ങളുമായി ഖനനം നടത്താൻ ശ്രമം ആരംഭിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പോലീസ് അകമ്പടിയിലാണ് പാറ പൊട്ടിക്കാനുള്ള കംപ്രസറും വെടി മരുന്നുമായെത്തി ഉടമകൾ ക്വാറി പ്രവർത്തനം ആരംഭിച്ചത്. വിവരമറിഞ്ഞ് നാട്ടുകാർ രാവിലെ തന്നെ ക്വാറി പ്രവർത്തിപ്പിക്കുന്നതിനെതിരെ സമരവുമായി രംഗത്തെത്തി. രാവിലെ എത്തിച്ച കപ്രസറും വെടിമരുന്നുകളും പുറത്തെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം സമരവുമായി മുന്നോട്ടു പോകാനാണ് സംരക്ഷണ സമതിയുടെ തീരുമാനം.നിലവിലുള്ള ക്വാറി ഉടമകളും പോലീസുമായി ചർച്ച നടത്തുകയാണ്. സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നൂറിലധികം ആളുകളാണ് ക്വാറി പ്രവർത്തിക്കുന്നതിനെതിരെ അതി രാവിലെ തന്നെ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസവും ക്വാറി പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിച്ചപ്പോൾ വലിയ സംഘർഷം ഉണ്ടായിരുന്നു. പ്രതിഷേധവുമായി എത്തിയ അറുപതോളം പേരെ മേപ്പയ്യൂർ പൊലീസ് അറസ്റ്റ് ചെയ്ത‌് നീക്കിയിരുന്നു. പ്രദേശത്ത് വൻ കയ്യാങ്കളിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സംഘർഷത്തിൽ 15 വയസ്സുകാരനെ മർദിച്ചു വെന്ന് പോലീസ് പരാതി ഉയർന്നിരുന്നു. നിലവിൽ വെടിമരുന്നുകളും മറ്റും തിരിച്ചിറക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് പുറക്കാമല സംരക്ഷണസമിതിയുടെ തീരുമാനം.