headerlogo
breaking

പ്രയാഗ് രാജിലേക്കുള്ള ട്രെയിനുകൾ വൈകി, ആളുകൾ ഇരച്ചെത്തിയ അപകടത്തിൽ മരണം 18 ആയി

നിയന്ത്രിക്കാനാകാൻ ആരുമുണ്ടായില്ലെന്ന് ദൃക്സാക്ഷി

 പ്രയാഗ് രാജിലേക്കുള്ള ട്രെയിനുകൾ വൈകി, ആളുകൾ ഇരച്ചെത്തിയ അപകടത്തിൽ മരണം 18 ആയി
avatar image

NDR News

16 Feb 2025 10:47 AM

ദില്ലി: ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിലെ തിക്കും തിരക്കിലും പെട്ട് 18 പേര്‍ മരിക്കുകയും 50ലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് കാരണം പ്രയാഗ് രാജിലേക്കുള്ള ട്രെയിനുകള്‍ വൈകിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റെയില്‍വെ ഡിസിപി കെപിഎസ് മൽഹോത്രപറഞ്ഞു. അപകട കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും ഡിസിപി പറഞ്ഞു. ഇന്നലെ രാത്രി പത്തോടെ പ്രയാഗ് രാജിലേക്ക് പോകുന്നതിനായി മൂന്നു ട്രെയിനുകളാണ് ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിൽ നിന്ന് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിൽ രണ്ട് ട്രെയിനുകള്‍ വൈകിയതോടെയാണ് പ്ലാറ്റ്‍ഫോമിൽ തിരക്കുണ്ടായതെന്ന് റെയില്‍വെ ഡിസിപി പറഞ്ഞു. കുംഭമേളയിൽ പങ്കെടുക്കാനായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനുപേരാണ് പ്ലാറ്റ്‍ഫോമിലെത്തിയത്. പ്ലാറ്റ്‍ഫോമിലെ തിരക്കിനിടെ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ആദ്യമെത്തിയ ട്രെയിനിലേക്ക് ആളുകള്‍ കൂട്ടത്തോടെ കയറിയതും അപകട കാരണമായി. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്.

       ട്രെയിൻ പെട്ടെന്ന് പ്ലാറ്റ്‍ഫോം മാറി വന്നതും തിക്കും തിരക്കുണ്ടാകുന്നതിന് കാരണമായെന്നും പ്രാഥമിക നിഗമനമുണ്ട്. അതേസമയം, പ്ലാറ്റ്‍ ഫോമിലേക്ക് ആളുകൾ ഇരച്ചെത്തുകയായിരുന്നുവെന്ന് സംഭവത്തിലെ ദൃക്സാക്ഷിയായ ഓംപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ സ്റ്റേഷനിൽ ആരുമുണ്ടായിരുന്നില്ല. അപകടമുണ്ടായ ശേഷം രക്ഷാപ്രവർത്തനം ഏറെ വൈകിയെന്നും ഓംപ്രകാശ് പറഞ്ഞു. ന്യൂദില്ലി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തം ഏറെ വേദനിപ്പിക്കുന്നതെന്ന് കാവൽ മുഖ്യമന്ത്രി അതിഷി മർലേന പറഞ്ഞു.പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അതിഷി പറഞ്ഞു. അതേസമയം, അപകടത്തിൽ ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെയാണ് മരണ സംഖ്യ 18 ആയി ഉയര്‍ന്നത്. ദില്ലി ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേരാണ് പുലര്‍ച്ചെ മരിച്ചത്. മരിച്ച 18 പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. മരിച്ചവരിൽ ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും മോദി എക്സിൽ കുറിച്ചു.

         പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിനുശേഷം വളരെ വേഗത്തിലാണ് സ്ഥലത്തുനിന്നും ആളുകളെ മാറ്റിയത്. അപകടം നടന്ന ന്യൂ ദില്ലി റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ശരവേഗത്തിലാണ് റെയില്‍വെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആളുകളുടെ ഉപേക്ഷിക്കപ്പെട്ട ബാഗുകളും വസ്ത്രങ്ങളും ഇവിടെനിന്ന് മാറ്റി. എന്നാൽ, റെയിൽവെ ട്രാക്കിന് സമീപം പ്ലാറ്റ്‍‍ഫോമിനടയിൽ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഇപ്പോഴും ചിതറി കിടക്കുന്നത് അപകടത്തിന്‍റെ ബാക്കിപത്രമായി.

 

NDR News
16 Feb 2025 10:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents