ചാലക്കുടി ബാങ്ക് കവർച്ച പ്രതി പിടിയിൽ
തൃശൂർ പേരാമ്പ്ര ആശാരി പാറ സ്വദേശിയായ റിജോ ആൻ്റണിയാണ് പിടിയിലായത്

തൃശ്ശൂർ : ചാലക്കുടി ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് പട്ടാപ്പകൽ 15 ലക്ഷം രൂപ കൊള്ളയടിച്ച പ്രതിയെ പിടികൂടി. മലയാളി തന്നെയാണ് പ്രതിയെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ആശാരിപ്പാറ സ്വദേശി റിജോ ആൻറണിയാണ് കൊള്ള നടത്തിയത്.ആശാരിപ്പാറ എന്ന സ്ഥലത്ത് വെച്ച് തന്നെയാണ് പ്രതി പിടിയിലായത്. പത്തുലക്ഷം രൂപ കണ്ടെടുത്തു.കടം വീട്ടാൻ വേണ്ടിയാണ് കൊള്ള നടത്തിയതെന്ന് പ്രതി പറഞ്ഞതായി പറയപ്പെടുന്നു.
കൊള്ള നടന്ന് 48 മണിക്കൂറിനകം ആണ് പ്രതി പിടിയിലാകുന്നത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഒരുക്കിയ കുരുക്കിൽ പ്രതി വീഴുകയായിരുന്നു. മോഷണ സമയത്ത് ഒരു കൊച്ചു പിച്ചാത്തി മാത്രമാണ് ഇയാൾ ഉപയോഗിച്ചത്.ഇയാൾ പ്രൊഫഷണൽ മോഷ്ടാവല്ലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയത് നിർണായകമായ സിസിടിവി ദൃശ്യങ്ങളിലൂടെയാണ്. തൃശ്ശൂർ റൂറൽ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. വിദേശത്ത് ജോലിയുള്ള ഭാര്യ അയച്ച പണം ധൂർത്തടിച്ച് ചെലവഴിച്ച പ്രതി ഭാര്യ വരുമ്പോൾ കണക്ക് ബോധിപ്പിക്കാൻ കഴിയില്ലെന്ന് ഭയപ്പെട്ടാണ് കവർച്ച നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു. '