ക്ഷേമ പെൻഷൻ കൂട്ടിയില്ല, ശമ്പള പരിഷ്ക്കരണവുമില്ലാതെ സംസ്ഥാന ബജറ്റ്
വികസനവും ക്ഷേമത്തിനും ഊന്നൽ നൽകിയ ബജറ്റ്

തിരുവനന്തപുരം: പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഇല്ലാതെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ, ധനമന്ത്രി കെ എൻ ബാലഗോപാൽ വലിയ പ്രഖ്യാപനങ്ങൾ നടത്തുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. അതേസമയം, കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു. വലിയ പ്രഖ്യാപനങ്ങളില്ലാതെ സംഥാനത്തെ ധനസ്ഥിതി അനുസരിച്ച് പ്രായോഗികമായ കാര്യങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനം അഭിമുഖീകരിച്ച രൂക്ഷമായ ധന ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടം കേരളം അതിജീവിച്ചിരിക്കുന്നു എന്ന ആശ്വാസ വാർത്ത പങ്കിട്ടുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. വികസനവും ക്ഷേമത്തിനും ഊന്നൽ നൽകിയാണ് ധനമന്ത്രി ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയ്‌ക്കൊപ്പം നിക്ഷേപ സമാഹരണത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. വിഴിഞ്ഞത്തിന് ഊന്നൽ നൽകിയ ബജറ്റ് വയനാടിനെയും കൈവിട്ടില്ല എന്നുള്ളതാണ് ഗുണപരമായ കാര്യം. രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റിൽ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉൾപ്പെട്ടത്.