കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം
അടുക്കള ഭാഗത്ത് ഇന്ന് വൈകിട്ടായിരുന്നു സ്ഫോടനം
![കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം](imglocation/upload/images/2025/Feb/2025-02-06/1738847956.webp)
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ഹോട്ടലിലെ ജീവനക്കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി സുമിത് ആണ് മരിച്ചത്. 'ഐഡെലി കഫേ' എന്ന ഹോട്ടലിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സുമിത്തിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തായിരുന്നു സ്ഫോടനം നടന്നത്.
അതിഥി തൊഴിലാളികളാണ് അപകടം നടക്കുമ്പോൾ ഹോട്ടലിനുള്ളിൽ ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്നാണ് വിവരം. തീ പടരാത്തത് വലിയ അപകടമാണ് ഒഴിവാക്കിയത്. പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. അശ്വിൻ ദീപക് എന്ന യുവാവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് 'ഐഡെലി കഫേ'. നിരവധിപ്പേരാണ് ദിവസേന ഇവിടെ ഭക്ഷണം കഴിക്കാനെത്താറുള്ളത്.